രാഷ്ട്രീയഗുണ്ടകളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം: മുഹമ്മദ് ഷിയാസ്
Saturday, September 27, 2025 2:25 AM IST
കളമശേരി: കളമശേരിയിലെ മാർത്തോമ്മാ ഭവന്റെ 40ലേറെ വർഷമായി വിലകൊടുത്തു വാങ്ങി കൈവശത്തിലിരിക്കുന്ന ഭൂമിയിൽ രാത്രിയുടെ മറവിൽ മതിൽക്കെട്ടു പൊളിച്ച് അതിക്രമിച്ചു കയറാൻ സൗകര്യം ചെയ്തുകൊടുത്ത രാഷ്ട്രീയ ഗുണ്ടകളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
രണ്ടാഴ്ചമുമ്പ് സ്ഥലം എംഎൽഎകൂടിയായ മന്ത്രി പി. രാജീവ് വൈദികർക്കു കൊടുത്ത ഉറപ്പുകൾ നിലനില്ക്കേ, പോലീസിന്റെയും സർക്കാരിന്റെയും സംരക്ഷണയിലുള്ള ഒരു സ്ഥലത്ത് എങ്ങനെയാണ് ഗുണ്ടകൾക്കു കയറി ജെസിബിയും മറ്റും ഉപയോഗിച്ച് മതിൽകെട്ട് പൊളിച്ചു കയറാൻ സാധിച്ചതെന്ന് മന്ത്രി മറുപടി പറയണം. വിശ്വാസവഞ്ചന കാണിച്ച മന്ത്രി മാപ്പു പറയണം.
ഭൂമി കച്ചവടത്തിന്റെയും റിയൽ എസ്റ്റേറ്റ് താത്പര്യത്തിന്റെയും മറവിൽ മാർത്തോമ്മാ ഭവനിലെ വൈദികരുടെ കൈവശമിരിക്കുന്ന ഭൂമിയിൽ അതിക്രമിച്ചു കയറാൻ ആരു നോക്കിയാലും ജില്ലാ കോൺഗ്രസ് കമ്മിറ്റി അതിനെ ചെറുത്തുതോൽപ്പിക്കുമെന്ന് മുഹമ്മദ് ഷിയാസ് കൂട്ടിച്ചേർത്തു.
പ്രദേശത്തെ മതസൗഹാർദം തകർക്കുന്ന രീതിയിലേക്ക് കച്ചവടതാത്പര്യങ്ങൾ വളരുമ്പോൾ സ്ഥലം എംഎൽഎകൂടിയായിട്ടുള്ള മന്ത്രിയുടെ വ്യക്തിതാത്പര്യങ്ങൾകൂടി ഇതിൽ പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ഷിയാസ് ആവശ്യപ്പെട്ടു.