ജോലി നഷ്ടമാകുമോ എന്ന ആശങ്കയില്‍ ‘കനിവ് 108’ ആംബുലൻസ് ജീവനക്കാര്‍
Friday, September 26, 2025 1:26 AM IST
റോബിന് ഏബ്രഹാം ജോസഫ്
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കനിവ് 108 ആംബുലന്‍സുകള്‍ ആറു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ ജോലി നഷ്ടമാകുമോ എന്ന ആശങ്കയില്‍ ജീവനക്കാര്‍.
ആറു വര്‍ഷത്തിനുള്ളില്‍ 11.82 ലക്ഷം ട്രിപ്പുകള്‍ ആംബുലന്‍സുകള്‍ ഓടിത്തീര്ത്തെന്നു കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ ജീവനകാര്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവില്‍. 2019 സെപ്റ്റംബര്‍ 25നാണ് കനിവ് 108 ആംബുലന്‍സുകളുടെ സര്‍വീസ് ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ജീവന്‍രക്ഷാ പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഇവ.
കോവിഡ് കാലത്ത് ഷിഫ്റ്റ് പോലും നോക്കാതെ നാടിനെ രക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഓടിയവരാണ് 108 ആംബുലന്‍സ് ജീവനക്കാര്‍. ഈ കാലത്ത് ആരോഗ്യമേഖലയിലെ ജീവനകാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ശമ്പള പാക്കേജില്‍ പോലും ഇവരെ പരിഗണിച്ചില്ല. എന്നാല്‍ തുടര്‍ന്ന് സ്വന്തം സുരക്ഷ മറന്ന് ദുരിതകാലത്തെ അതിജീവിക്കാന്‍ പോര്‍മുഖത്തേക്ക് ഇറങ്ങിത്തിരിച്ചവരെ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും, കോവിഡിനെ അതിജീവിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആനുകൂല്യത്തില്‍ നിന്നും ഇവര്‍ പുറത്താണ്.
അഞ്ചുവര്‍ഷ കരാറിലാണ് കോള്‍ സെന്ററിലുള്പ്പെടെയുള്ള 1300ലധികം ജീവനക്കാരും ജോലി ചെയ്യുന്നത്. ആറു വര്‍ഷം പിന്നിടുന്ന പദ്ധതിയിലെ ജീവനക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നത് കരാര്‍ പുതുക്കാതെയാണ്.
ശമ്പളം മുടക്കമില്ലാതെ ലഭ്യമാകുന്നുണ്ടെങ്കിലും സര്‍ക്കാരും വകുപ്പും കരാര്‍ പുതുക്കുന്നതില്‍ താത്പര്യം കാണിക്കാത്തത് ജീവനക്കാരെ പ്രതിസന്ധിയിലാക്കുകയാണ്.
പുതിയ നയത്തിന്റെ ഭാഗമായി 40 വയസില്‍ താഴെയുള്ള ആളുകള്‍ക്കു മാത്രം കരാര്‍ പുതുക്കി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. അങ്ങനെയൊരു തീരുമാനം നടപ്പില്‍ വന്നാല്‍ ജോലി നഷ്ടമാകുക മേല്‍പ്പറഞ്ഞവരില്‍ പകുതിയിലധികം ജീവനക്കാര്‍ക്കാണ്. കരാര്‍ പുതുക്കി നല്കാന് വകുപ്പധികൃതര്‍ കാണിക്കുന്ന വൈമനസ്യമാണ് ഇവരുടെ ആശങ്ക.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും തൊഴിലാളി സംഘടനകള്‍ നിരന്തരം ഉന്നയിക്കുന്ന വിഷയം കൂടിയാണിത്. ദുരിതകാലത്ത് താങ്ങായവരെ കൈവിടാതെ ചേര്‍ത്തുനിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.
ആറ് വർഷത്തിനിടെ ഓടിയത് 11.82 ലക്ഷം ട്രിപ്പുകൾ
കൊല്ലം: ആറു വർഷത്തിനിടെ സംസ്ഥാന സർക്കാരിന്റെ ‘കനിവ് 108’ ആംബുലൻസുകൾ ഓടിയത് 11.82 ലക്ഷം ട്രിപ്പുകൾ. സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി 2019 സെപ്റ്റംബർ 25നാണ് സംസ്ഥാനത്തെ നിരത്തുകളിൽ ‘കനിവ് 108’ ആംബുലൻസുകളുടെ സേവനം ലഭ്യമായിത്തുടങ്ങിയത്. ആറ് വർഷം പിന്നിടുമ്പോൾ 11,82,585 ട്രിപ്പുകളാണ് സംസ്ഥാനത്ത് ‘കനിവ് 108’ ആംബുലൻസുകൾ ഓടിയത്.
കോവിഡ് അനുബന്ധ ട്രിപ്പുകൾ കഴിഞ്ഞാൽ ഹൃദ്രോഗ സംബന്ധമായ അത്യാഹിതങ്ങളിൽ വൈദ്യസഹായം എത്തിച്ച ട്രിപ്പുകളാണ് അധികം. 1,45,964 ട്രിപ്പുകളാണ് ഈ ഇനത്തിൽ കനിവ് 108 ആംബുലൻസുകൾ ഓടിയത്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം ട്രിപ്പുകൾ കനിവ് 108 ആംബുലൻസുകൾ ഓടിയത്. ആറു വർഷത്തിനിടെ 1,84,557 ട്രിപ്പുകൾ ആണ് തലസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത്. ഇതുവരെ കോവിഡ് രോഗബാധിതരായ മൂന്ന് പേരുടെ ഉൾപ്പെടെ 130 പേരുടെ പ്രസവങ്ങൾ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സംസ്ഥാനത്ത് നടന്നിട്ടുണ്ട്.