എട്ടു ജില്ലകളിൽ ഇന്ന് മഴ കനക്കും
Friday, September 26, 2025 1:55 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ടു ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് ഇന്ന് ശക്തമായ മഴമുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കിയിട്ടുള്ളത്. ഈ ജില്ലകളിലെല്ലാം യല്ലോ അലർട്ടും പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെ മഴ പെയ്തിറങ്ങുന്നതിനെയാണ് ശക്തമായ മഴയെന്നു സൂചിപ്പിക്കുന്നത്.
നിലവിൽ ബംഗാൾ ഉൾക്കടലിൽ നിലനില്ക്കുന്ന രണ്ട ചക്രവാതച്ചുഴികളാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു കാരണമായിട്ടുള്ളത്.
കേരളാ കർണാടക ലക്ഷദ്വീപ് തീരത്ത് നാളെ വരെ മത്സ്യബന്ധനത്തിനു പോകരുതെന്നും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.