സിനിമാനിര്‍മാണ ഫണ്ട്: ഉപയോഗം ഉറപ്പുവരുത്തണമെന്ന് എഴുത്തുകാര്‍
Friday, September 26, 2025 1:26 AM IST
തിരുവനന്തപുരം: സിനിമാനിര്‍മാണത്തിനുള്ള കെഎസ്എഫ്ഡിസി ഫണ്ടിന്റെ കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം എഴുത്തുകാരും സാഹിത്യകാരന്മാരും മുഖ്യമന്ത്രിക്കു കത്തയച്ചു.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് സംഘടിപ്പിച്ച കേരള ഫിലിം പോളിസി കോണ്‍ക്ലേവ് എന്ന നയപരിപാടിയില്‍ സംവിധായകന് അടൂര്‍ ഗോപലകൃഷ്ണന് നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചതിനു പിന്നാലെയാണ് എഴുത്തുകാരും സാഹിത്യകാരന്മാരും മുഖ്യമന്ത്രിക്കു കത്തയച്ചത്.
വനിതകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും സിനിമ നിര്‍മിക്കുന്നതിനുള്ള സാമ്പത്തികസഹായം ചലച്ചിത്രവികസന കോര്പറേഷന് വഴി നല്‍കുന്നതാണ് പദ്ധതി. പദ്ധതി ഉദ്ദേശ്യശുദ്ധിയോടെ ആരംഭിച്ചിട്ടുള്ളതാണെങ്കിലും നടത്തിപ്പിലെ പോരായ്മയും നിബന്ധനകളുടെ അഭാവവും പദ്ധതിക്കു വിലങ്ങുതടിയാകുന്നതായി കത്തില്‍ പറയുന്നു.
രാജ്യത്തിനുതന്നെ മാതൃകയാക്കാവുന്ന പദ്ധതിയാണിത്. ധൂര്‍ത്ത് ഒഴിവാക്കിയും കുറവുകള്‍ പരിഹരിച്ചും കൂടുതല്‍ പേര്‍ക്ക് പ്രയോജനം ചെയ്യുന്ന തരത്തില്‍ പദ്ധതി നടപ്പാക്കണമെന്നാണ് കേരള ഫിലിം പോളിസി കോണ്‍ക്ലേവില്‍ സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞത്.
ഈ പദ്ധതി അടൂര്‍ ഉന്നയിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി നവീകരിക്കണം. കുറവുകള്‍ പരിഹരിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതും ആ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കി ഈ നല്ല സ്കീമിനെ കുറ്റമറ്റതാക്കുകയും ചെയ്യണമെന്നു കത്തില്‍ സൂചിപ്പിക്കുന്നു.
എഴുത്തുകാരായ പ്രഫ. ആര്. നന്ദകുമാര്‍, പ്രഫ. ഡോ.വി. രാജാകൃഷ്ണന്, പോള്‍ സക്കറിയ, പ്രഫ. എം.എന്‍. കാരശേരി, സി.വി. ബാലകൃഷ്ണന്, മന്‍സൂര്‍ പാലൂര് തുടങ്ങി മലയാളസിനിമയെ ഗൗരവമായി കാണുന്ന മുപ്പതോളം പേര് ചേര്‍ന്നാണ് മുഖ്യമന്ത്രിക്കു കത്തയച്ചത്. കത്തിന്റെ കോപ്പി സാംസ്കാരിക മന്ത്രി സജി ചെറിയാനും നല്‍കിയിട്ടുണ്ട്.