പോലീസ് സ്റ്റേഷനുകളിലും ‘സ്വർണപ്രശ്നം’
Friday, September 26, 2025 1:26 AM IST
റെനീഷ് മാത്യു
കണ്ണൂർ: സ്വർണത്തിന്റെ വിലക്കുതിപ്പിൽ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലും പ്രശ്നം. സ്വർണമോഷണത്തിനൊപ്പം നഷ്ടപ്പടൽ പരാതികളും വ്യാപകമായി രജിസ്റ്റർ ചെയ്യുന്നു. പണയം വയ്ക്കാൻ നല്കിയ സ്വർണം തിരികെ നല്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
പരാതിക്കാരനും ആരോപിക്കപ്പെടുന്ന പ്രതികളും ഏറെയും ബന്ധുക്കളാണ്. സ്വർണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ ദിനംപ്രതി നൂറോളം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണു പോലീസ് കണക്കുകൾ വ്യക്തമാക്കുന്നത്.
അന്ന് പൊന്ന് നല്കി
കഴിഞ്ഞ ദിവസം കണ്ണൂരിൽ സ്വർണവുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലും കലാശിച്ചു. സംഭവം ഇങ്ങനെയാണ്: 10 വർഷം മുന്പ് തലശേരി സ്വദേശികളായ ദന്പതികളുടെ കൊച്ചിന്റെ നൂലുകെട്ടൽ ചടങ്ങിനു തളിപ്പറന്പ് സ്വദേശിയായ ബന്ധു സ്വർണത്തിന്റെ ഒരു ചെയിൻ സമ്മാനിച്ചിരുന്നു. ഇതിനിടെ തളിപ്പറന്പ് സ്വദേശിയുടെ മകൻ കല്യാണം കഴിക്കുകയും അടുത്തിടെ ഒരു കുട്ടി ജനിക്കുകയും ചെയ്തു.
കൊച്ചിന്റെ നൂലുകെട്ട് ചടങ്ങിന് തലശേരിയിലെ ദന്പതികളെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ, സ്വർണത്തിന്റെ വില താങ്ങാവുന്നതിനപ്പുറമായതിനാൽ കൊച്ചിന് ഉടുപ്പ് സമ്മാനിച്ചതാണു സംഘർഷത്തിനിടയാക്കിയത്.
പത്തുവർഷം മുന്പ് കൊടുത്ത സ്വർണച്ചെയിനിന്റെ കാര്യം പറഞ്ഞുള്ള തർക്കം ഒടുവിൽ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. കേസ് പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ബന്ധുക്കൾ ആയതിനാൽ അവസാനം ഒത്തുതീർപ്പിൽ ഒതുക്കി. സമാനമായ രണ്ട് സംഭവങ്ങൾ തലശേരി, ഇരിട്ടി പോലീസ് സബ് ഡിവിഷനുകളിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരികെ നല്കുന്നില്ല
പണയം വയ്ക്കാൻ നല്കിയ സ്വർണം തിരികെയെടുത്തു നല്കുന്നില്ലെന്ന പരാതിയും പോലീസ് സ്റ്റേഷനിൽ ദിനംപ്രതി എത്തുന്നുണ്ട്. പരാതിക്കാരനും പ്രതിപ്പട്ടികയിൽ ഉള്ളവരും ബന്ധുക്കൾതന്നെയാണ്.
സാന്പത്തിക ആവശ്യത്തിന് പണയം വയ്ക്കാൻ സ്വർണം നല്കിയതാണ് പുലിവാലാകുന്നത്. സ്വർണം തിരികെ എടുത്തു നല്കാതെ വർഷങ്ങളായി ചിലർ പണയം പുതുക്കുന്നു. ഇതിനെതിരേയാണ് സ്വർണം പണയം വയ്ക്കാൻ നല്കിയവർ പരാതിയുമായി എത്തുന്നത്. എന്തായാലും സ്വർണത്തിന് വില കൂടുന്നത് പോലീസുകാർക്കും തലവേദനയായി മാറിയിരിക്കുകയാണ്.