യോഗേഷ് ഗുപ്തയെ ഫയർഫോഴ്സ് മേധാവിസ്ഥാനത്തു നിന്നു മാറ്റി
Friday, September 26, 2025 1:26 AM IST
തിരുവനന്തപുരം: സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന സംസ്ഥാന പോലീസിലെ മുതിർന്ന ഡിജിപിമാരിൽ ഒരാളായ യോഗേഷ് ഗുപ്തയെ ഫയർഫോഴ്സ് മേധാവി സ്ഥാനത്തുനിന്നും തെറിപ്പിച്ചു. റോഡ് സുരക്ഷാ കമ്മീഷണറായാണ് യോഗേഷ് ഗുപ്തയെ മാറ്റി നിയമിച്ചത്.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാൻ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്ത സർക്കാർ നടപടിക്കെതിരേ യോഗേഷ് ഗുപ്ത സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫയർഫോഴ്സിൽ നിന്നു മാറ്റിയത്. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ കേസ് ഫയലുകൾ കേന്ദ്ര അന്വേഷണ ഏജൻസിക്കു കൈമാറിയതുമായി ബന്ധപ്പെട്ടു വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നു യോഗേഷിനെ മാറ്റിയിരുന്നു.
റോഡ് സുരക്ഷാ കമ്മീഷണറായ നിധിൻ അഗർവാളിനെ ഫയർഫോഴ്സ് ഡയറക്ടർ ജനറലാക്കി. വനിതാ എസ്ഐമാർക്ക് മോശം സന്ദേശങ്ങൾ അയച്ചുവെന്നതിന് പോലീസ് ആഭ്യന്തര പരാതി പരിഹാര സമിതിയുടെ അന്വേഷണം നേരിടുന്ന എസ്പി വി.ജി വിനോദ് കുമാറിനെ ക്രമസമാധാന വിഭാഗത്തിലെ എഐജി സ്ഥാനത്തു നിന്ന് മാറ്റി.
ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ്പിയായാണ് വിനോദ്കുമാറിനെ മാറ്റി നിയമിച്ചത്. തിരുവനന്തപുരം സിറ്റി ക്രമസമാധാന വിഭാഗം ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖിനെ തൃശൂർ സിറ്റി പോലീസ് കമ്മീഷണറായി മാറ്റി നിയമിച്ചു.