ജനറൽ സെക്രട്ടറിക്കെതിരേ എൻഎസ്എസ് കരയോഗം കെട്ടിടത്തിനു മുന്പിൽ ബാനർ
Friday, September 26, 2025 1:26 AM IST
പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരേ പത്തനംതിട്ടയിൽ ബാനർ ഉയർത്തി പ്രതിഷേധം. നഗരത്തിലെ വെട്ടിപ്പുറം 115 -ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻഎസ് എസ് കരയോഗം കെട്ടിടത്തിനു മുമ്പിലാണ് ഇന്നലെ രാവിലെ ബാനർ പ്രത്യക്ഷപ്പെട്ടത്.
“കുടുംബകാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽനിന്നു കുത്തി, പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി സുകുമാരൻ നായർ മാറി” എന്നാണ് ബാനറിലെ പരാമർശം. “സുകുമാരൻ നായർ സമുദായത്തിന് നാണക്കേട്” എന്നും ബാനറിൽ സൂചിപ്പിക്കുന്നു.
ബാഹുബലിയെ കട്ടപ്പ പിന്നിൽനിന്നും കുത്തുന്ന ചിത്രവും കൊടുത്തിട്ടുണ്ട്. പിണറായിയെയും സർക്കാരിനെയും അനുകൂലിച്ചുള്ള സുകുമാരൻ നായരുടെ പരാമർശമുണ്ടായതിനു പിന്നാലെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. എൻഎസ്എസ് മുൻ പ്രസിഡന്റ് അന്തരിച്ച അഡ്വ. പി.എൻ. നരേന്ദ്ര നാഥൻ നായരുടെ കരയോഗം കൂടിയാണിത്.