ജുഡീഷൽ സിറ്റിക്ക് മന്ത്രിസഭയുടെ അനുമതി
Thursday, September 25, 2025 2:31 AM IST
തിരുവനന്തപുരം: ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷൽ സിറ്റി കളമശേരിയിൽ സ്ഥാപിക്കുന്നതിനായി എച്ച്എംടി ലിമിറ്റഡിന്റെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭ അനുമതി നൽകി.
കൊച്ചി നഗരത്തിലെ സ്ഥലപരിമിതി കണക്കിലെടുത്ത് ഹൈക്കോടതിയും മറ്റു സംവിധാനങ്ങളും കളമശേരി ജുഡീഷൽ സിറ്റിയിലേക്കു മാറ്റുകയാണു ലക്ഷ്യം.
പ്രാരംഭ നടപടി തുടങ്ങാനും കേന്ദ്രസഹായത്തിനുള്ള സാധ്യത പരിശോധിക്കാനും ആഭ്യന്തരവകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
2023ൽ മുഖ്യമന്ത്രി- ചീഫ് ജസ്റ്റീസ് വാർഷികയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കളമശേരിയിൽ ജുഡീഷൽ സിറ്റി സ്ഥാപിക്കുന്നത്. ഇതിന്റെ തുടർച്ചയായി ഹൈക്കോടതി ജഡ്ജിമാരുടെയും മന്ത്രിമാരുടെയും സംഘം സ്ഥലം സന്ദർശിച്ച് വിലയിരുത്തുകയും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുകയും ചെയ്തിരുന്നു.
ജുഡീഷൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്തു വകുപ്പ് തയാറാക്കിയിട്ടുണ്ട്. മൂന്ന് ടവറുകളിലായി 28 ലക്ഷത്തിലധികം ചതുരശ്ര അടിയിൽ ഭാവിയിലെ ആവശ്യങ്ങൾകൂടി കണക്കിലെടുത്തുള്ള കെട്ടിടസൗകര്യമാകും ഇവിടെ ഒരുക്കുക. പ്രധാന ടവറിൽ ഏഴ് നിലകളും മറ്റ് രണ്ടു ടവറുകളിലായി ആറു നിലകളുമാണുണ്ടാകുക.
ചീഫ് ജസ്റ്റീസിന്റേതടക്കം 60 കോടതി ഹാളുകളുണ്ടാകും. ഇതോടൊപ്പം ജഡ്ജിമാരുടെയും രജിസ്ട്രാറുടെയും ഓഫീസുകൾ, ഓഡിറ്റോറിയം, ലൈബ്രറി ബ്ലോക്ക്, വിവിധ കമ്മിറ്റി മുറികൾ, ഇൻഫർമേഷൻ സെന്റർ തുടങ്ങിവയെല്ലാം അത്യാധുനിക രീതിയിൽ ഒരുക്കും. ജുഡീഷൽ അക്കാദമി, മീഡിയേഷൻ സെന്റർ, അഭിഭാഷകരുടെ ചേംബർ, പാർക്കിംഗ് സൗകര്യം എന്നിവയുമുണ്ടാകും. ഭൂമി ഏറ്റെടുക്കൽ അടക്കം 1000 കോടി രൂപയുടെ ചെലവാണു കണക്കാക്കുന്നത്. എച്ച്എംടിയുടെ പൂർണ ഉടമസ്ഥതയിലുള്ളതാണ് 27 ഏക്കർ ഭൂമി. 27 ഏക്കറിൽ കൂടുതൽ ഭൂമി ആവശ്യമുണ്ടെങ്കിൽ അതു കണ്ടെത്തുന്നതും പരിഗണനയിലുണ്ട്.
നിലവിലെ ഹൈക്കോടതി മന്ദിരത്തോടു ചേർന്ന് ജഡ്ജിമാർക്കും ജീവനക്കാർക്കുമുള്ള മറ്റുസൗകര്യങ്ങൾ ഒരുക്കാൻ സ്ഥലം ഏറ്റെടുക്കാൻ പരിമിതികളുള്ളതിനാലാണ് കളമശേരിയിലേക്കു മാറുന്നത്.