അർബൻ ബാങ്കിൽ എൻ.എം. വിജയനുള്ള കടം കെപിസിസി അടച്ചു
Thursday, September 25, 2025 2:30 AM IST
സുൽത്താൻ ബത്തേരി: വയനാട് ഡിസിസി ട്രഷറർ ആയിരിക്കേ വിഷം കഴിച്ച് ജീവനൊടുക്കിയ മണിച്ചിറ എൻ.എം. വിജയന് അർബൻ ബാങ്കിലുള്ള കടം കെപിസിസി അടച്ചുതീർത്തു.
58,23,047 രൂപയാണ് അടച്ചത്. ഏകദേശം 10 ലക്ഷത്തോളം രൂപ പലിശ ഇളവ് അനുവദിച്ചതിനുശേഷമുള്ളതാണ് ഈ തുക. മണിച്ചിറയിലുള്ളതിൽ 18 സെന്റ് സ്ഥലവും വീടും ഈടുവച്ച് വിജയൻ എടുത്തതാണു വായ്പ.
ബാങ്കിലെ കടം കോണ്ഗ്രസ് നേതൃത്വം അടച്ചുതീർക്കുന്നില്ലെങ്കിൽ ഒക്ടോബർ രണ്ടുമുതൽ ഡിസിസി ആസ്ഥാനത്ത് സത്യഗ്രഹം നടത്തുമെന്ന് വിജയന്റെ മൂത്ത മകൻ വിജേഷിന്റെ ഭാര്യ പദ്മജ വ്യക്തമാക്കിയിരുന്നു. കുടുംബം ആവശ്യപ്പെട്ടാൽ വിജയന്റെ കടം ഏറ്റെടുക്കാൻ സിപിഎം തയാറാണെന്നു സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ പ്രസ്താവിക്കുകയുമുണ്ടായി.
കൈഞരന്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച പദ്മജയെ സന്ദർശിച്ചശേഷമായിരുന്നു ജയരാജന്റെ പ്രസ്താവന. ഈ പശ്ചാത്തലത്തിലാണ് കെപിസിസി വിജയന്റെ കടം വീട്ടിയത്. വിജയന് അർബൻ ബാങ്കിലുള്ള കടം പാർട്ടി അടച്ചുതീർക്കുമെന്ന് അടുത്തിടെ വയനാട്ടിലെത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ഷെയർ സംഖ്യ, സ്വത്തിന്റെ അവകാശികൾ എന്നിവയുമായി ബന്ധപ്പെട്ടതടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം പണയവസ്തുവിന്റെ രേഖകൾ വിജയന്റെ കുടുംബത്തിനു കൈമാറുമെന്നു അർബൻ ബാങ്ക് ചെയർമാൻ ഡി.പി. രാജശേഖരൻ പറഞ്ഞു.
2007ൽ വിജയൻ എടുത്ത 10 ലക്ഷം രൂപയുടെ ബിസിനസ് വായ്പയാണ് അരക്കോടിയിലധികം രൂപയുടെ കുടിശികയായി മാറിയത്. 2010ൽ വായ്പ 15 ലക്ഷം രൂപയായി വർധിപ്പിച്ച് പുതുക്കി. 2014ൽ വായ്പ 25 ഉം 2017ൽ 40ഉം 2024ൽ 45 ഉം ലക്ഷം രൂപയായി വർധിപ്പിച്ച് പുതുക്കി. 2014ന് ശേഷം പുതുക്കിയെടുത്തത് കാർഷിക വായ്പയായാണ് കണക്കാക്കിയിരുന്നത്.
വിഷം കഴിച്ച എൻ.എം. വിജയൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ 2024 ഡിസംബർ 27നാണ് മരിച്ചത്. വിജയനൊപ്പം വിഷം കഴിച്ച ഇളയമകൻ ജിജേഷും ചികിത്സയിലിരിക്കേ ഇതേ ദിവസം മരിച്ചു.
കോണ്ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ ജോലി വാഗ്ദാനം ചെയ്ത് വിജയൻ ഇടനിലക്കാരനായി അനേകം ആളുകളിൽനിന്നു പണം വാങ്ങിയിരുന്നു. ഇവരിൽ പലർക്കും ജോലി കൊടുക്കാനോ പണം തിരികെ നൽകാനോ വിജയനു കഴിഞ്ഞിരുന്നില്ല. ഇതു പ്രതിസന്ധിയായ സാഹചര്യത്തിലായിരുന്നു വിജയന്റെയും മകന്റെയും ആത്മഹത്യ.
ഇടനിലക്കാരനായി വാങ്ങിയ പണം പാർട്ടിയിലെ നേതാക്കളിൽ ചിലർക്ക് കൈമാറിയതായാണ് വിജയന്റേതായി പിന്നീട് പുറത്തുവന്ന കത്തുകളിൽ പറയുന്നത്. ബാധ്യത വീട്ടുന്നതിനു പലവട്ടം കത്തുനൽകിയിട്ടും പാർട്ടി സഹായത്തിന് എത്തിയില്ലെന്ന ആരോപണവും കത്തുകളിൽ ഉണ്ടായിരുന്നു.
വിജയന്റെ മരണം വിവാദമായതോടെ കടം പാർട്ടി ഏറ്റെടുക്കുമെന്ന് നേതാക്കൾ കുടുംബാംഗങ്ങൾക്ക് രേഖാമൂലം ഉറപ്പുനൽകിയിരുന്നു. ഏകദേശം രണ്ടേകാൽ കോടി രൂപയുടെ കടമാണ് വിജയന് ഉണ്ടായിരുന്നത്. രണ്ട് തവണകളായി 20 ലക്ഷം രൂപ കോണ്ഗ്രസ് നേതൃത്വം വിജയന്റെ കുടുംബത്തിനു ലഭ്യമാക്കിയിരുന്നു.