ഡിസിഎൽ
Thursday, September 25, 2025 2:30 AM IST
ചെറിയ കർമ്മങ്ങൾ, വിജയ മർമ്മങ്ങൾ
കൊച്ചേട്ടന്റെ കത്ത്
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
"ഒറിജിനൽസ്' എന്ന വിഖ്യാത ഗ്രന്ഥമെഴുതിയ "ആദം ഗ്രാന്റ്', മറ്റൊരാൾ എഴുതിയ ഗ്രന്ഥത്തെപ്പറ്റി പറയുന്നത് ‘മോശം സ്വഭാവം മാറ്റി, നല്ല ശീലങ്ങൾ വളർത്താൻ ആ ഗ്രന്ഥം വായിച്ചാൽ മതി’ എന്നാണ്. "ദി ഒബ്സ്റ്റക്കിൾ ഈസ് ദ വേ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്, റിയാൻ ഹോളിഡേ "ജീവിതം മാറ്റിമറിക്കുന്ന ഗ്രന്ഥം' എന്നു പറയുന്നതും, ആദം ഗ്രാന്റ് പറഞ്ഞ പുസ്തകത്തെപ്പറ്റിത്തന്നെ. ഏതാണാ മഹത് ഗ്രന്ഥം? വായനയിലൂടെ മനുഷ്യന്റെ ജീവിത ശീലങ്ങളിൽ അദ്ഭുതകരമായ മാറ്റം വരുത്താൻ കഴിയുന്ന ആ ഗ്രന്ഥം, "ജെയിംസ് ക്ലിയർ' നല്ല ക്ലിയറായി എഴുതിയ "ആറ്റമിക് ഹാബിറ്റ്സ്' എന്ന പുസ്തകമാണ്.
കൂട്ടുകാർ കേട്ടിട്ടുണ്ടോ, ഈ "ജെൻ സി' കാലത്തെ യുവ മനസുകളെ ഇളക്കിമറിക്കുന്ന ആറ്റമിക് ഹാബിറ്റ്സ്? ആറ്റംപോലെയുള്ള കുഞ്ഞുശീലങ്ങൾ തുടർച്ചയായി അനുശീലിച്ചാൽ ജീവിതത്തിൽ ഓരോ ദിവസവും അല്പംകൂടി മെച്ചപ്പെടുത്താൻ ഓരോ വ്യക്തിക്കും കഴിയും എന്ന തിയറിയാണ് ജെയിംസ് ക്ലിയർ ലോകത്തോടു പറയുന്നത്! ഓരോ ദിവസവും ഒരു ശതമാനം മാത്രം അധികം ചെയ്താൽ മതി. ജീവിതം മാറി മറിയും!
നമ്മൾ ഓരോരുത്തരും ഓരോ ദിവസവും എത്രയെത്ര തീരുമാനങ്ങളാണ് എടുക്കുന്നത്. പലതും എന്നും തുടരും എന്നൊക്കെ പ്രഖ്യാപിച്ചുകൊണ്ടാണുതാനും. "വണ്ണം കൂടുതലാണല്ലോ' എന്നൊരു കൂട്ടുകാരൻ പറഞ്ഞാൽ, "വയറ് ഒത്തിരി ചാടിയല്ലോ' എന്നാരെങ്കിലും കമന്റടിച്ചാൽ, നമ്മിൽ പലരും ഉടൻ ചില പ്രഖ്യാപനങ്ങൾ നടത്തും.
""നീ നോക്കിക്കോ, നാളെമുതൽ എല്ലാദിവസവും ഞാൻ അതിരാവിലെ എഴുന്നേറ്റ് ഒരു മണിക്കൂർ വ്യായാമം ചെയ്യും. ഇനി, നടത്തം എന്റെ ശീലമാക്കും'' എന്നെല്ലാം തട്ടിവിടും. പിറ്റേദിവസം പറഞ്ഞപോലെ ചെയ്തോ എന്ന് ആരെങ്കിലും അന്വേഷിച്ചാൽ "അയ്യോ ഞാൻ ഉറങ്ങിപ്പോയി, ഭയങ്കര തണുപ്പായിരുന്നു' എന്നൊക്കെ മുടന്തൻ ന്യായങ്ങൾ പറയും! വണ്ണം പിന്നെയും കൂടുകയും വയർ ചാട്ടം തുടരുകയും ചെയ്യും!
ഇങ്ങനെ വന്പൻ പ്രഖ്യാപനങ്ങൾ നടത്തി, ഒന്നും ചെയ്യാൻ കഴിയാത്തവരോട് ജെയിംസ് ക്ലിയർ എന്ന എഴുത്തുകാരൻ പറയുന്നു: നിങ്ങൾ ഇന്ന് ആറുമണിക്കാണ് എണീറ്റതെങ്കിൽ നാളെ ഒരു മിനിറ്റു മുന്പ് എണീറ്റാൽ മതി, ഒരു മണിക്കൂർ മുന്പേ എഴുന്നേൽക്കും എന്ന് പറയേണ്ടതില്ല. നാളെ മുതൽ ഞാൻ 5000 ചുവടുകൾ അധികം നടക്കും എന്നു പറയേണ്ട, 50 ചുവടുകൾവീതം ഓരോ ദിവസവും സ്ഥിരമായി നടന്നാൽ മതി.
യഥാർത്ഥ മാറ്റം നമ്മുടെ ജീവിതത്തിൽ വരുന്നത്, നൂറുകണക്കിന് ചെറിയ തീരുമാനങ്ങളുടെ ആകെത്തുകയായല്ലേ? ഒറ്റ ദിവസംകൊണ്ട്, 100 പേജ് വായിക്കും എന്ന് പറയേണ്ടതില്ല, പകരം, ഓരോ ദിവസവും രണ്ടു പേജുവീതം അധികം വായിച്ചാൽ മതി. ഇത്തരത്തിലുള്ള ചെറിയ ശീലങ്ങളെയാണ് ജെയിംസ് ക്ലിയർ ആറ്റമിക് ഹാബിറ്റ്സ് എന്നു വിളിക്കുന്നത്!
നാലു കാര്യങ്ങളുണ്ട്, ഒരു സ്വഭാവം രൂപപ്പെടാൻ? 1. Cue (അടയാളം), 2. Craving (ആഗ്രഹം), 3. Response (പ്രതികരണം), 4. Reward (പ്രതിഫലം). രാവിലെ നേരത്തെ എഴുന്നേൽക്കണം എന്ന ഒരു ഹാബിറ്റ് രൂപീകരിക്കണം എന്നു വിചാരിക്കുക. ‘അടയാളം’ രാവിലെ മുഴങ്ങുന്ന അലാറമാണ്. ഉണർന്ന് വ്യായാമം തുടങ്ങണം എന്നതാണ് ‘ആഗ്രഹം’! കട്ടിലിൽ എഴുന്നേറ്റ്, തയാറാകുന്നതാണ്, ‘പ്രതികരണം’. എന്നും കൃത്യമായി ചെയ്താൽ ഉണ്ടാകുന്ന സന്തോഷമാണ് ആ ഹാബിറ്റിന്റെ ‘പ്രതിഫലം’!
കൂട്ടുകാരേ, ചെറിയ കർമ്മങ്ങൾ സ്ഥിരമായി ചെയ്യുന്നതാണ് പല വൻ വിജയങ്ങളുടെയും മർമ്മങ്ങൾ. വലിയ വിജയത്തിന് വലിയ കാര്യങ്ങൾ ചെയ്യണമെന്നില്ല. ചെറിയ കാര്യങ്ങൾ വലിയ നിശ്ചയദാർഢ്യത്തോടെ ചെയ്താൽ മതി.
ആറ്റമിക് ഹാബിറ്റ്സ് എന്ന പുസ്തകം കൂട്ടുകാർ വായിക്കണം. ചെറിയ നല്ല ശീലങ്ങളിലൂടെ മികച്ച സ്വഭാവം നേടിയെടുക്കണം. ചെറിയ കാര്യങ്ങൾ ഒരിക്കൽ ചെയ്യാൻ ആർക്കും കഴിയും. മനസുവച്ചാൽ, ഒരിക്കൽക്കൂടി ചെയ്യാനും ആർക്കും കഴിയും. സ്ഥിരമായി ഉത്സാഹിച്ചാൽ വിജയം വിളിപ്പുറത്തുവരും. ഓരോ ചുവടും മുന്നോട്ടുവയ്ക്കാം. ഒത്തിരി ദൂരം താണ്ടാം!
വിജയാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
ഡിസിഎൽ-കുട്ടികളുടെ ദീപിക ‘ഒരേയൊരിന്ത്യ’ വീഡിയോ ചലഞ്ച്: പെരുമാനൂർ സെന്റ് തോമസും കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവറും വിജയികൾ
കോട്ടയം: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസി എല്ലും കുട്ടികളുടെ ദീപികയും ചേർന്നു സംഘടിപ്പിച്ച "ഒരേയൊരിന്ത്യ' സ്വാതന്ത്ര്യ ദിനഗാന വീഡിയോ ചലഞ്ച് മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. മത്സരത്തിൽ നൂറോളം സ്കൂളുകളില് നിന്നായി അറുപതിനായിരത്തിലധികം സ്കൂള് വിദ്യാര്ത്ഥികള് പങ്കെടുത്തു.
എറണാകുളം പെരുമാനൂർ സെന്റ് തോമസ് ജി എച്ച് എസ് ഒന്നാംസ്ഥാനം നേടിയപ്പോൾ രണ്ടാം സമ്മാനം കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ എച്ച്.എസ്.എസിനാണ്. മൂന്നാം സമ്മാനം രണ്ടു സ്കൂളുകൾ പങ്കിട്ടു - സെന്റ് മേരീസ് സ്കൂൾ ,നരിപ്പിൽ, പാപ്പനംകോട്, നിർമ്മല ഭവൻ എച്ച്.എസ്.എസ് കവടിയാർ, തിരുവനന്തപുരം.
നിരവധി സ്കൂളുകളും കുട്ടികളും ആവേശത്തോടെ പങ്കെടുത്ത മത്സരത്തിൽ താഴെപ്പറയുന്ന ആറു സ്കൂളുകൾ പ്രത്യേക സമ്മാനത്തിനർഹരായി.
1 സെന്റ്. റാഫേൽ ജി.എച്ച് എസ് ഒല്ലൂർ 2.സെന്റ് ജോസഫ് യുപിഎസ് മലയിഞ്ചിപ്പാറ 3. ക്ലയർ ജ്യോതി ഇ എം എൽ പി സ്കൂൾ,കണ്ണറ , തൃശൂർ 4. സ്റ്റെല്ലാ മേരീസ് സ്കൂൾ പടന്നക്കാട് 5. സെന്റ് തോമസ് എൽ പി സ്കൂൾ എങ്ങണ്ടിയൂർ 6. മൗണ്ട് കാർമൽ കോൺവെന്റ് ആംഗ്ലോ ഇന്ത്യൻ ഐ.എസ്.സി സ്കൂൾ തങ്കശ്ശേരി
പ്രോത്സാഹന സമ്മാനം നേടിയവർ 1.ഹോളി ഫാമിലി എൽ പി സ്കൂൾ കുറുമ്പനാടം 2. മേരി റാണി പബ്ലിക് സ്കൂൾ ചങ്ങനാശ്ശേരി 3.സെന്റ് മേരിസ് എൽപിഎസ് അരുവിത്തുറ, 4.ഹോളി ഏഞ്ചൽസ് സിഇഎംഎൽപിഎസ് മണലാടി , 5.നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ മുണ്ടൂർ, തൃശ്ശൂർ, 6.ഹോളി ഫാമിലി എച്ച് എസ് കട്ടിപ്പാറ കോഴിക്കോട്, 7.ചെറുപുഷ്പം ജി എച്ച് എസ്എസ് വടക്കാഞ്ചേരി പാലക്കാട്, 8. തെരേസ സിനിമയിലെ പബ്ലിക് സ്കൂൾ പൊറ്റക്കുഴി കലൂർ, 9. സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് ഇലഞ്ഞി, 10. സെന്റ് ജോൺസ് എച്ച്എസ്എസ് പരപ്പൂർ, 11. എൽഎഫ്സി യുപിഎസ് മമ്മിയൂർ, 12. സെന്റ് തെരേസാസ് എൽ പി സ്കൂൾ നെടുംകുന്നം, 13. നിർമ്മല പബ്ലിക് സ്കൂൾ കരിമണ്ണൂർ, 14. സെൻറ് ജോൺസ് എൽ.പി സ്കൂൾ, 15. സെന്റ് ക്ലെയേഴ്സ് സി എൽ പി എസ് തൃശൂർ, 16. എൽപിഎസ് അരയങ്കാവ്, 17. കെ.ഇ. കെ.ജി.എസ് മാന്നാനം, 18. ഇൻഫന്റ് ജീസസ് കിടങ്ങൂർ, 19. സെന്റ് മേരിസ് സ്കൂൾ പുളിച്ചിറ, 20. സി.പി. എൻ.യു പി സ്കൂൾ വട്ടംകുളം.
നഴ്സിംഗ് സ്കൂൾ
ഒന്നാം സമ്മാനം തിരുഹൃദയ കോളേജ് ഓഫ് നഴ്സിംഗ് പൂവൻ തുരുത്ത് കോട്ടയം, രണ്ടാം സമ്മാനം ക്രിസ്തുരാജ് സ്കൂൾ ഓഫ് നഴ്സിംഗ് തൊക്കിലങ്ങാടി കണ്ണൂർ, മൂന്നാം സമ്മാനം സ്കൂൾ ഓഫ് നേഴ്സിംഗ് നിർമല മെഡിക്കൽ സെന്റർ മൂവാറ്റുപുഴ.
ടാലന്റ് ഫെസ്റ്റ്: നീലൂരിനും മൂലമറ്റത്തിനും ഓവറോൾ

മൂലമറ്റം : ഡി.സി.എൽ മൂലമറ്റം മേഖലാ ടാലന്റ് ഫെസ്റ്റിൽ എച്ച്. എസ് വിഭാഗത്തിൽ 153 ഉം യു.പി യിൽ 112 ഉം പോയിൻറുകൾ നേടി നീലൂർ സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി.
എൽ.പി വിഭാഗത്തിൽ 130 പോയിന്റുള്ള മൂലമറ്റം സെന്റ് ജോർജ് യു.പി സ്കൂളിനാണ് ഓവറോൾ. എച്ച്.എസിൽ അറക്കുളം സെന്റ് മേരീസിനു ഫസ്റ്റ് റണ്ണർ അപ്പും തുടങ്ങനാട് സെന്റ് തോമസിനു സെക്കൻഡ് റണ്ണർ അപ്പും ലഭിച്ചു.
യു.പി വിഭാഗത്തിൽ മൂലമറ്റം സെന്റ് ജോർജ് ഫസ്റ്റ് റണ്ണർ അപ്പും തുടങ്ങനാട് സെന്റ് തോമസ് സെക്കൻഡ് റണ്ണറപ്പുമായി.
എൽ.പി യിൽ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ ഫസ്റ്റ് റണ്ണർ അപ്പും നീലൂർ സെന്റ് ജോസഫ്സ് സെക്കൻഡ് റണ്ണർ അപ്പും നേടി. മൂലമറ്റം എസ്.എച്ച് , കയ്യൂർ ക്രിസ്തു ജ്യോതി , അറക്കുളം സെൻറ് തോമസ് , കണ്ണിക്കൽ സി.എം.എസ് , പുള്ളിക്കാനം സെൻറ് തോമസ് എന്നിവയും പ്രശസ്ത വിജയം നേടി.
മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടത്തിയ ടാലൻറ് ഫെസ്റ്റ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ റോസിലിൻ നെടുമറ്റത്തിൽ എസ്എബിഎസ് ഉദ്ഘാടനം ചെയ്തു.
പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്.ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ മെറീന സെബാസ്റ്റ്യൻ , റെജീന സെബാസ്റ്റ്യൻ , ആഗി കുര്യൻ, മേഖലാ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ പ്രവിശ്യാ ബാഡ്മിന്റൺ മത്സരം 4-ന്
തൊടുപുഴ : ഡി.സി.എൽ സംഘടിപ്പിക്കുന്ന സംസ്ഥാന ബാഡ്മിന്റൺ ടൂർണമെന്റിന്റെ (ഡബിൾസ്) തൊടുപുഴ പ്രവിശ്യാതല മത്സരം ഒക്ടോബർ നാല്, ശനിയാഴ്ച രാവിലെ 9 മുതൽ തൊടുപുഴ ബാഡ്മിൻറൺ ഫോർ കോർട്ടിൽ നടക്കും.
പ്രവിശ്യയിലെ സ്കൂളുകളിൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് മത്സരം. ഒരു സ്കൂളിൽനിന്ന് ഓരോ വിഭാഗത്തിലും ഓരോ ടീമിനു വീതം പങ്കെടുക്കാം .
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും . ഒന്നാം സ്ഥാനം നേടുന്ന ടീമുകൾക്ക് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനതലത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്കൂൾ ടീമുകൾ സെപ്റ്റംബർ 27 ശനിയാഴ്ചയ്ക്ക് മുമ്പായി പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്.ജെ കല്ലറങ്ങാട്ടിന്റെ 9497279347 എന്ന വാട്സാപ്പ് നമ്പരിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കു 9446294666 എന്ന നന്പരിൽ ബന്ധപ്പെടുക.