മനോരാജ് കഥാസമാഹാര പുരസ്കാരം കെ. രേഖയ്ക്ക്
Thursday, September 25, 2025 2:31 AM IST
കൊച്ചി: അന്തരിച്ച കഥാകൃത്ത് കെ.ആര്. മനോരാജിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മനോരാജ് കഥാസമാഹാര പുരസ്കാരത്തിന് എഴുത്തുകാരി കെ. രേഖ അര്‍ഹയായി. ‘മനുഷ്യാലയ ചന്ദ്രിക’ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം.
പൂയപ്പള്ളി തങ്കപ്പന്, ജോസഫ് പനയ്ക്കല്‍, അന്‍വര്‍ ഹുസൈന്, വി.എം. ദേവദാസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
33,333 രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെറായി പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മനോരാജ് അനുസ്മരണ സമ്മേളനത്തില്‍ കഥാകൃത്ത് പി.എഫ്. മാത്യൂസ് രേഖയ്ക്കു സമ്മാനിക്കും.