കേരള ടൂറിസത്തിന്റെ ‘യാനം’ ട്രാവൽ-ലിറ്റററി ഫെസ്റ്റിവൽ വർക്കലയിൽ
Thursday, September 25, 2025 2:30 AM IST
തിരുവനന്തപുരം: വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ യാനം ഫെസ്റ്റിവലിന്റെ ആദ്യപതിപ്പ് ഒക്ടോബർ 17 മുതൽ 19 വരെ വർക്കല ക്ലിഫിലെ രംഗ കലാകേന്ദ്രത്തിൽ നടക്കും.
വിനോദസഞ്ചാര മേഖലയിലെ വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് തുടങ്ങുന്ന ട്രാവൽ-ലിറ്റററി ഫെസ്റ്റിവലിന്റെ തുടക്കം വർക്കലയിൽനിന്നാണെന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സഞ്ചാരമേഖലയിലെ എഴുത്തുകാരെയും പ്രഫഷണലുകളെയും ഉൾപ്പെടുത്തിയാണ് പുതിയ പദ്ധതി. യാത്രകളെ സ്നേഹിക്കുന്നവരുടെ സംഗമവേദി എന്ന നിലയിലാണ് യാനം സംഘടിപ്പിക്കുന്നത്. യാത്രകളെ വ്യത്യസ്ത രീതിയിൽ അടയാളപ്പെടുത്തിയ ലോകോത്തര പ്രതിഭകളുടെ സംഗമം ആയിരിക്കും ഈ പരിപാടിയെന്നും എഴുത്തുകാർ, കലാകാരന്മാർ, ഫോട്ടോഗ്രാഫർമാർ, സാഹസിക യാത്രികർ, യാത്ര ഡോക്യുമെന്ററി സംവിധായകർ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവർ യാനത്തിന്റെ ഭാഗമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബുക്കർ സമ്മാന ജേതാവ് ഷെഹാൻ കരുണതിലക, ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ പ്രകാശ് സോണ്തെക്ക, പത്രപ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ, ഗ്രാഷ്യൻ അവാർഡ് നേടിയ ശ്രീലങ്കൻ എഴുത്തുകാരൻ ആൻഡ്രൂ ഫിഡൽ ഫെർണാണ്ടോ, കവി പ്രഫ. നതാലി ഹാൻഡൽ എന്നിവരുൾപ്പെടുന്ന ചർച്ച യാനത്തെ ശ്രദ്ധേയമാക്കും.
ടിബറ്റൻ കവി ടെൻസിൻ സുണ്ടു, പത്രപ്രവർത്തകനും എഴുത്തുകാരനുമായ സുദീപ് ചക്രവർത്തി, ഫോട്ടോഗ്രാഫർ ആശ ഥാദാനി, ആറു രാജ്യങ്ങളിലൂടെ ബൈക്കിംഗ് നടത്തിയ സാഹസിക യാത്രിക പിയാ ബഹാദൂർ എന്നിവരും ഈ വേദിയിൽ എത്തും.
പ്രസിദ്ധ യാത്രാ ഡോക്യുമെന്ററി നിർമാതാക്കളായ പ്രിയ ഗണപതി, അനുരാഗ് മല്ലിക്, ഫുഡ് ഗുരു കാരെൻ ആനന്ദ്, പ്രമുഖ യാത്രാ വ്ലോഗർ കൃതിക ഗോയൽ എന്നിവരും പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വി. ജോയ് എംഎൽഎ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.