ബിന്ദു പത്മനാഭന് കൊലപാതകം ; പ്രതി സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു
Thursday, September 25, 2025 2:31 AM IST
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന് കൊലപാതകകേസില്‍ പ്രതിയായ പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യനെ (61) തെളിവെടുപ്പിനായി ചേര്‍ത്തല കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. ചേര്‍ത്തല ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷെറിന് കെ. ജോര്‍ജാണ് 30ന് വൈകുന്നേരം നാലുവരെ പ്രതിയെ കസ്റ്റഡിയില്‍വിട്ട് ഉത്തരവായത്.
ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന സെബാസ്റ്റ്യന്റെ കുറ്റസമ്മതമൊഴിയെ തുടര്‍ന്നാണ് ക്രൈബ്രാഞ്ച് ഇയാളെ പ്രതിയാക്കി കേസെടുത്തത്. സംസ്ഥാന ക്രൈംബ്രാഞ്ചിലെ ഡിക്ടറ്റീവ് ഇന്‍സ്പക്ടര്‍ കെ. ഹേമന്ത്കുമാറാണ് കേസന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിനു വേണ്ടി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എം. വിനോദ് കോടതിയില്‍ ഹാജരായി.
ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മ കൊലക്കേസില്‍ കോട്ടയം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് സെബാസ്റ്റ്യന്‍ ബിന്ദു പത്മനാഭനെ കൊന്നതായി കുറ്റസമ്മതം നടത്തിയത്. തുടര്‍ന്നാണ് സെബാസ്റ്റ്യനെ 18ന് വിയ്യൂര്‍ ജയിലിലെത്തി അറസ്റ്റ്ചെയ്തത്.
ചേര്‍ത്തല പോലീസ് അന്വേഷിക്കുന്ന റിട്ട. പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ (ഐഷ-62) തിരോധാനകേസിലും സെബാസ്റ്റ്യനാണ് പ്രതിയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ബിന്ദു പത്മനാഭനെ കാണാനില്ലെന്ന് 2017ല്‍ വിദേശത്തുള്ള സഹോദരൻ പ്രവീൺ നല്കിയ പരാതിയില്‍ പട്ടണക്കാട് പോലീസ് എടുത്ത കേസിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. 2002 മുതല്‍ സഹോദരിയെ കാണാനില്ലെന്നായിരുന്നു പരാതി.
ബിന്ദു പത്മനാഭൻ 2003 മുതൽ സെബാസ്റ്റ്യനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും പല തവണ പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ ചെന്നിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2006ല്‍ ഇവര്‍ കൊലചെയ്യപ്പെട്ടെന്നാണ് നിഗമനം.
ഇതിലെല്ലാം സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. ബിന്ദു കൊല്ലപ്പെട്ടതായി കരുതുന്ന 2006നു ശേഷം ബിന്ദുവിന്റെ പേരിലുള്ള ഭൂമി വ്യാജ പ്രമാണത്തിലൂടെ തട്ടിയെടുത്തതിലടക്കം മൂന്നുകേസുകള്‍ സെബാസ്റ്റ്യന്റെ പേരിലുണ്ട്.
കൂടുതല്‍ തെളിവെടുക്കുന്നതിനും ബിന്ദുവിന്റെ മൃതദേഹാവശഷിഷ്ടങ്ങൾ കണ്ടെത്തുന്നതിനുമാണ് സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ഇതിനായി പ്രതിയുമായി കോട്ടയം, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളിലും സംസ്ഥാനത്തിനു പുറത്ത് കുടക്, ബംഗളൂരു, വേളാങ്കണ്ണി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും എത്തിച്ച് തെളിവുകള്‍ ശേഖരിക്കും.