ആകാശക്കഥകളുടെ അദ്ഭുതങ്ങളിലേക്കുയർന്ന് മോഡൽ സ്കൂൾ വിദ്യാർഥികൾ
Thursday, September 25, 2025 2:30 AM IST
തിരുവനന്തപുരം: “അദ്ഭുതങ്ങളുടെ ആകാശ കാഴ്ചകളിലേക്ക് കണ്ണു നട്ടിരുന്ന ഒരു സ്കൂൾ കുട്ടിയുണ്ടായിരുന്നു. കുവൈറ്റ് യുദ്ധകാലത്ത് തലയ്ക്കു മുകളിലൂടെ ചീറിപ്പാഞ്ഞ യുദ്ധവിമാനങ്ങളെ നിയന്ത്രിക്കുന്ന പൈലറ്റുമാരെ ദൈവമായി കരുതിയ ഒരു ഒൻപതാം ക്ലാസുകാരൻ.
തനിക്കും ദൈവമാകണമെന്ന തീവ്രമോഹത്തിൽ വളർന്ന് ഇന്ത്യൻ എയർഫോഴ്സിലെ പൈലറ്റായി മാറിയ അയാൾ ഇനി ചിറകു വിരിച്ച് പറക്കാനൊരുങ്ങുന്നത് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങളിലേക്കാണ്...”
മെഡിസിനും എൻജിനിയറിംഗിനും പ്രവേശനം കിട്ടിയിട്ടും അതു തെരഞ്ഞെടുക്കാതെ സ്വന്തം ആകാശങ്ങൾ താണ്ടാനിറങ്ങിയ ആ കഥ, പ്രശാന്ത് ബാലകൃഷ്ണൻ നായർ വിവരിക്കുമ്പോൾ ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ആവേശഭരിതരായി കാതോർത്തു.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യ സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടശേഷം തിരുവനന്തപുരത്തെത്തിയതായിരുന്നു വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ. തൈക്കാട് ഗവണ്മെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുമായി സംവദിച്ച അദ്ദേഹം തന്റെ ജീവിതത്തിൽ ലക്ഷ്യബോധത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഓർത്തെടുത്തു. ജീവിതത്തിൽ ലക്ഷ്യങ്ങളുണ്ടാകുമ്പോൾ മാത്രമേ പരിശ്രമങ്ങളുണ്ടാകൂ എന്ന് വിദ്യാർഥികളെ ഓർമിപ്പിച്ചു.
ബഹിരാകാശയാത്രയുടെ കാതൽ സഹവർത്തിത്വമാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ് ഏതു യാത്രയിലും ഒരാളുടെ ഏറ്റവും വലിയ മുതൽക്കൂട്ട്. ഏതു വലിയ ദൗത്യത്തിന്റെ ഭാഗമായാലും സാധാരണ ജീവിതത്തിലെ ബന്ധങ്ങളുടെ വില മറന്നു പോകരുതെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളുടെയും കുടുംബാംങ്ങളുടെയും ഹീറോയാണ് ഓരോ കുട്ടിയും. ഈ തിരിച്ചറിവ് ഓരോരുത്തർക്കുമുണ്ടാകണം. അച്ഛനമ്മമാർക്കും മുത്തശ്ശനും മുത്തശ്ശിക്കുമായി മാറ്റിവയ്ക്കുന്ന സമയം ഒരു കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപമാണെന്നും പ്രശാന്ത് പറഞ്ഞു.
ഓരോ മനുഷ്യനും ഒരു പൂർണ ജീവനാണ്. ആദ്യകാലത്ത് അത് തിരിച്ചറിയാൻ തനിക്കു കഴിഞ്ഞിരുന്നില്ല. ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായ ഒട്ടേറെ കഠിന പരിശീലനങ്ങൾക്കു ശേഷമാണ് താൻ അതു മനസിലാക്കിയത്. അതു തിരിച്ചറിയുന്നിടത്ത് ഓരോരുത്തരുടെയും ജീവിതം മാറാൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി മഹദ് വ്യക്തികൾ പഠിച്ച വിദ്യാലയമാണ് മോഡൽ സ്കൂൾ. നടൻ മോഹൻലാൽ പഠിച്ച സ്കൂളാണിതെന്ന് ഭാര്യ ലെന പറഞ്ഞാണ് അറിഞ്ഞത്. പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രേരകശക്തിയായി പ്രവർത്തിക്കുന്ന മികച്ച അധ്യാപകരാണെന്ന് ഇവിടെയുള്ളതെന്ന് സ്കൂളിലെത്തിയപ്പോൾ താൻ നേരിട്ടറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളിലെ സ്പേസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘അടുത്ത തലമുറ ബഹിരാകാശ ഗവേഷകരെ പ്രചോദിപ്പിക്കൽ’ പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുമായി സംവദിച്ച അദ്ദേഹം വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം സെൽഫിയെടുത്ത ശേഷമാണ് മടങ്ങിയത്. സ്കൂൾ പ്രിൻസിപ്പൽ കെ.വി. പ്രമോദ്, യുഎൻ സുസ്ഥിര പരിസ്ഥിതി സമിതി ചെയർമാൻ ഡോ.ആർ. ഉമാമഹേശ്വരൻ, വിദ്യാർഥികളായ അഭിറാം, മുഹമ്മദ് ഇർഫാൻ എന്നിവർ പ്രസംഗിച്ചു.
2027ൽ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തെത്തിക്കും; തിരുവനന്തപുരം ഇന്ത്യയുടെ ’സ്പേസ് സിറ്റി’
2027ൽ ഇന്ത്യ സ്വന്തം പേടകത്തിൽ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുമെന്ന് ഗഗൻയാൻ ദൗത്യസംഘത്തിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഗഗൻയാൻ മിഷന്റെ ഭാഗമായി ഐഎസ്ആർഒയുടെ ഹ്യൂമനോയ്ഡ് റോബോട്ടായ വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയയ്ക്കും. പേടകത്തെ സംബന്ധിച്ചും അന്തരീക്ഷ സാഹചര്യങ്ങളെ കുറിച്ചും വ്യക്തമായ വിവരങ്ങൾ നൽകാൻ വ്യോമമിത്രയ്ക്കു കഴിയും.
ഇതിന്റെ അടിസ്ഥാനത്തിൽ പിന്നെയും നിരവധി തുടർപരീക്ഷണങ്ങൾ നടക്കേണ്ടതായുണ്ട്. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് തിരുവനന്തപുരത്തെയും ബംഗളൂരുവിലെയും ഐഎസ്ആർഒ കേന്ദ്രങ്ങളാണ്.
ബഹിരാകാശ പേടകത്തിന്റെ ഉപകരണങ്ങൾ നിർമിക്കുന്നതടക്കം നിർണായകമായ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നത് തിരുവനന്തപുരത്തെ ഐഎസ്ആർഒ കേന്ദ്രങ്ങളാണ്. അതു കൊണ്ട് തിരുവനന്തപുരത്തെ ’ഇന്ത്യയുടെ സ്പേസ് സിറ്റി’ എന്നാണ് താൻ വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.