ക്ഷേമ പദ്ധതികളിലെ സാമ്പത്തിക തട്ടിപ്പ് ; 1.4 കോടി ആധാർ നമ്പറുകൾ നിർജീവമാക്കി
Thursday, September 25, 2025 2:30 AM IST
പരവൂർ (കൊല്ലം): മരിച്ച വ്യക്തികളുടെ ആധാർ നമ്പറുകൾ ഉപയോഗിച്ച് ക്ഷേമപദ്ധതികൾ വഴി പണം തട്ടിപ്പ് നടത്തുന്നത് വ്യാപകമെന്ന് കണ്ടെത്തി.
ഇതിനു തടയിടാൻ മരണപ്പെട്ട വ്യക്തികളുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാർ നമ്പറുകൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഒഫ് ഇന്ത്യ ( യുഐഡിഎഐ) നിർജീവമാക്കാൻ കർശന നടപടികൾ ആരംഭിച്ചു. ഇത്തരത്തിൽ ഇതിനകം 1.4 കോടിയിലധികം ആധാർ നമ്പറുകൾ നിർജീവമാക്കിക്കഴിഞ്ഞു.
രാജ്യത്തെ ക്ഷേമപദ്ധതികളുടെ സംവിധാനം കൂടുതൽ ശക്തവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് യുഐഡിഎഐയുടെ ഈ നടപടി. സബ്സിഡികൾ, പെൻഷനുകൾ, മറ്റ് ക്ഷേമ പദ്ധതികളിലെ ആനുകൂല്യങ്ങൾ എന്നിവ ജീവിച്ചിരിക്കുന്ന യോഗ്യരായ ഗുണഭോക്താക്കൾക്കു മാത്രമേ വിതരണം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ നിർദേശാനുസരണമാണ് ഈ നടപടി.
രാജ്യത്ത് ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന 3,300 ൽ അധികം ക്ഷേമപദ്ധതികൾ നിലവിലുണ്ട്. ഇതിൽ പലതിലും വർഷങ്ങളായി മരിച്ചവരുടെ പേരിൽ വ്യാജ ഗുണഭോക്താക്കൾ ഫണ്ട് സ്വീകരിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സർക്കാരിന് നഷ്ടമായിട്ടുള്ളത്. രാജ്യത്ത് മരണ രജിസ്ട്രേഷൻ നടപടികൾ പലയിടത്തും വ്യക്തതയില്ലാതെയാണ് നടക്കുന്നത്. പല സംസ്ഥാനങ്ങളിലും രജിസ്ട്രേഷൻ അപൂർണവുമാണ്.
ചില സംസ്ഥാനങ്ങളിൽ മരണം രജിസ്റ്റർ ചെയ്യുമ്പോൾ ആധാർ നമ്പർ ഒഴിവാക്കുന്നതായും തെറ്റായ നമ്പറുകൾ നൽകുന്നതായും വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കേസുകളിൽ ആധാർ നമ്പറുകൾ കണ്ടെത്തി അവ നിർജീവമാക്കുന്നത് സങ്കീർണമാണെന്ന് യുഐഡിഎഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യത്ത് നിലവിലുള്ള വ്യവസ്ഥ പ്രകാരം മരണ രജിസ്ട്രേഷൻ നടത്തുന്നതിന് ആധാർ നമ്പർ നൽകണമെന്നത് നിർബന്ധമല്ല. ഇത് വലിയ വെല്ലുവിളിയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മരിച്ചവരുടെ രണ്ട് കോടി ആധാർ നമ്പറുകൾ ഡിസംബറോടെ നിർജീവമാക്കുക എന്നതാണ് യുഐഡിഎഐ ലക്ഷ്യമിടുന്നത്. ഈ പ്രക്രിയയെ സഹായിക്കുന്നതിന് എം ആധാർ പോർട്ടൽ വഴി മരണങ്ങൾ സ്വമേധയാ റിപ്പോർട്ട് ചെയ്യാൻ യുഐഡിഎഐ അഭ്യർഥിച്ചിട്ടുണ്ട്. ഇതിനായി കൃത്യമായി ഒരു ഡേറ്റാബേസ് നിലനിർത്തുന്നതിന് നടപടികൾ സ്വീകരിക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഇത് രാജ്യത്തെ ദശലക്ഷക്കണക്കായ ക്ഷേമപദ്ധതികളിലെ യഥാർഥ ഗുണഭോക്താക്കൾക്ക് സംരക്ഷണം ഉറപ്പാക്കും. മാത്രമല്ല ഡിജിറ്റൽ തിരിച്ചറിയലുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ നടപടികൾ ഉപകരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.