വിമാനയാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും റിക്കാർഡിട്ട് സിയാൽ
Thursday, September 25, 2025 2:30 AM IST
നെടുമ്പാശേരി: വിമാനയാത്രക്കാരുടെ എണ്ണത്തിൽ സംസ്ഥാനത്ത് വീണ്ടും റിക്കാർഡിട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ). 2024 - 25 സാമ്പത്തികവർഷം കൊച്ചി വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുണ്ടായത്.
1.12 കോടി യാത്രക്കാർ കൊച്ചി വഴി യാത്ര ചെയ്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 6.66 ലക്ഷം പേരാണ് അധികമായി യാത്ര ചെയ്തത്. 6.33 ശതമാനത്തിന്റെ വർധനയാണിത്.
സിയാലിന്റെ 2024 - 25 വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ കാലയളവിൽ 59,26,244 ആഭ്യന്തര യാത്രക്കാരും, 52,69,721 രാജ്യാന്തര യാത്രക്കാരുമാണ് കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോയത്. മുൻവർഷത്തെ അപേക്ഷിച്ച് ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ 5.85 ശതമാനവും, രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 6.87 ശതമാനവുമാണ് വർധന.
രാജ്യത്തെ ഏറ്റവും തിരക്കേറിയ എട്ടാമത്തെ വിമാനത്താവളമാണു കൊച്ചി. എന്നാൽ, ഈ വർഷം ഏപ്രിൽ - ജൂലൈ കാലയളവിലെ കണക്കനുസരിച്ച് രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി അഞ്ചാം സ്ഥാനത്തെത്തി. ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളാണ് കൊച്ചിക്കു മുന്നിലുള്ളത്.