ആദരവുകൾ കൂടുതൽ വിനയാന്വിതനാക്കുന്നു: മോഹൻലാൽ
Thursday, September 25, 2025 2:31 AM IST
നെടുമ്പാശേരി: ആദരവുകൾക്കു മുന്നിൽ താൻ കൂടുതൽ വിനയാന്വിതനാകുന്നുവെന്ന് നടൻ മോഹൻലാൽ.
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയശേഷം കൊച്ചി വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
ഒരു കലാകാരന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമായി ഞാൻ ഇതിനെ കാണുന്നു . ഇത് എല്ലാവരുമായും പങ്കുവയ്ക്കുന്നു.
പുരസ്കാരദാനവേദിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു വാനപ്രസ്ഥം, കർണഭാരം എന്നീ സിനിമകളെ പ്രത്യേകം എടുത്തുപറഞ്ഞതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അവ ക്ലാസിക്കൽ കലാരൂപങ്ങളാണ് അതുകൊണ്ടായിരിക്കാം രാഷ്ട്രപതി എടുത്തുപറഞ്ഞതെന്നായിരുന്നു ലാലിന്റെ മറുപടി.
ആദരവുകൾ ഞാൻ മലയാള സിനിമാലോകത്തിന് സമർപ്പിക്കുന്നു. അമ്മയെ കാണാൻ പോകുകയാണെന്നു പറഞ്ഞാണ് മോഹൻലാൽ വിമാനത്താവളത്തിൽനിന്ന് ഇറങ്ങിയത്.