ഫയൽ തീർപ്പാക്കാത്ത ജീവനക്കാർക്ക് പിഴശിക്ഷ
Thursday, September 25, 2025 2:31 AM IST
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകൾ നിശ്ചിത സമയപരിധിക്കകം തീർപ്പാക്കാൻ നിർദേശിക്കുന്ന കേരള പൊതുസേവനാവകാശ ബിൽ 2025 കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.
നിശ്ചയിച്ച സമയപരിധിക്കകം അപേക്ഷകളിൽ തീർപ്പാക്കാത്ത ഉദ്യോഗസ്ഥർക്ക് 2,000 മുതൽ 15,000 രൂപ വരെ പിഴശിക്ഷയും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. ഓരോ അപേക്ഷയിലെ സേവനത്തിനുമുള്ള കാലാവധി നിയമത്തിലെ ചട്ടങ്ങൾ ക്രമീകരിക്കുന്ന സമയത്തു രൂപീകരിക്കും.
2012ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സേവനാവകാശ നിയമം കൊണ്ടുവന്നെങ്കിലും ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ ഇതു നിർജീവാവസ്ഥയിലായിരുന്നു.
ഈ സർക്കാരിന്റെ കാലത്തു നിയമം കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും സിപിഐയുടെ സർവീസ് സംഘടനയുടെ എതിർപ്പ് മൂലം മാറ്റിവയ്ക്കുകയായിരുന്നു.