ഓണ്‍ലൈൻ ട്രേഡിംഗ് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
Thursday, September 25, 2025 2:30 AM IST
ഇരിങ്ങാലക്കുട: ഓണ്‍ലൈൻ ഷെയർ ട്രേഡിംഗിലൂടെ ഉയർന്ന ലാഭം വാഗ്ദാനംചെയ്ത് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ.
ആലപ്പുഴ മണ്ണഞ്ചേരിപനയിൽ നസീബി(29)നെയാണ് അന്വേഷണസംഘം എറണാകുളം കുന്പളങ്ങിയിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട കാരുകുളങ്ങര കൊളക്കാട്ടിൽ രാഗേഷ് (37) ആണ് തട്ടിപ്പിനിരയായത്.
വാട്സാപ്പിൽ ലഭിച്ച സന്ദേശം വിശ്വസിച്ച് പ്രതികൾ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത രാഗേഷ് ഒരു ടെലഗ്രാം ഗ്രൂപ്പിൽ അംഗമായി. ഈ ഗ്രൂപ്പിലൂടെ ലഭിച്ച നിർദേശങ്ങൾ അനുസരിച്ച് ട്രേഡിംഗ് നടത്തിയ ഇയാളിൽനിന്നു പല തവണകളായി 10,01,780 രൂപയാണ് പ്രതികൾ കൈക്കലാക്കിയത്.
ട്രേഡിംഗ് സൈറ്റിൽ 15 ലക്ഷം രൂപ ബാലൻസ് ഉള്ളതായി കാണിച്ചെങ്കിലും ഈ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. ഇക്കാര്യം ടെലഗ്രാം വഴി അറിയിച്ചപ്പോൾ, പണം പിൻവലിക്കാൻ ടാക്സ് ഇനത്തിൽ ആറു ലക്ഷംരൂപകൂടി ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്നു മനസിലായത്.
തട്ടിപ്പുപണം കൈമാറ്റം ചെയ്യുന്നതിനായി സ്വന്തം ബാങ്ക് അക്കൗണ്ട് പ്രധാന പ്രതികൾക്കുനൽകി പതിനായിരം രൂപ കമ്മീഷൻ കൈപ്പറ്റിയതിനാണ് നസീബിനെ പ്രതിചേർത്തത്. നസീബിന്റെ ബാങ്ക് അക്കൗണ്ട് വഴി രാഗേഷിൽനിന്നു തട്ടിയെടുത്ത പണത്തിൽ 5,08,600 രൂപയാണ് കൈമാറ്റം ചെയ്തത്.