ജല്‍ജീവന്‍ മിഷന്: കരാറുകാര്‍ക്ക് കുടിശിക 6039.24 കോടി രൂപ
Thursday, September 25, 2025 2:31 AM IST
ബിജു കുര്യന്
പത്തനംതിട്ട: സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ജല്‍ജീവന്‍ മിഷന് പദ്ധതിക്കു ഫണ്ട് തടസം. പദ്ധതിയില്‍ കരാറുകാരുടെ കുടിശിക 6039.24 കോടി രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള പദ്ധതിയില്‍ 2024 മാര്‍ച്ച് മുതല്‍ കഴിഞ്ഞ ഓഗസ്റ്റ് 31 വരെയുള്ള ബില്ലുകളാണ് കുടിശികയായുള്ളത്.
ഈ സാമ്പത്തിക വര്‍ഷം കേന്ദ്രവിഹിതം പദ്ധതിക്കു ലഭിച്ചിട്ടില്ലെന്നും ഫണ്ടിന്റെ അഭാവം പദ്ധതിയുടെ പുരോഗതിയെ ബാധിച്ചതായും കഴിഞ്ഞദിവസം മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് ഇതേവരെ 5610. 30 കോടി രൂപ കേന്ദ്ര വിഹിതമായും 6033.29 കോടി രൂപ സംസ്ഥാന വിഹിതമായും ലഭിച്ചിട്ടുണ്ട്. 11,643.59 കോടി രൂപ ഇതിനോടകം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിച്ചു.
പദ്ധതിയുടെ കാലാവധി 2028 വരെ ദീര്‍ഘിപ്പിച്ചതാണ് സര്‍ക്കാരിനു മുമ്പിലുള്ള ആശ്വാസം. നിലവിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തു മുമ്പോട്ടു പോകുന്നതിലേക്ക് നബാര്‍ഡില്‍നിന്നു 9000 കോടി രൂപ വായ്പയെടുക്കാന്‍ കേരള ജലഅഥോറിറ്റിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ 5000 കോടി രൂപ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഗാരണ്ടി നല്‍കും.
2020ല്‍ ആരംഭിച്ച പദ്ധതിയില്‍ സംസ്ഥാനത്തെ 117 ഗ്രാമപഞ്ചായത്തുകള്‍ 100 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. 408 പഞ്ചായത്തുകളില്‍ 50 ശതമാനം ജോലികളും പൂര്‍ത്തിയായി. ധര്‍മടം, കല്യാശേരി, കണ്ണൂര്‍, ബേപ്പൂര്‍, വൈപ്പിന്‍, എറണാകുളം, കൊച്ചി, അരൂര്‍, വൈക്കം നിയമസഭ മണ്ഡലങ്ങളും നൂറു ശതമാനം നേട്ടം കൈവരിച്ചു. ഏഴ് ജില്ലകള്‍ 50 ശതമാനത്തിനു മുകളില്‍ നേട്ടം കൈവരിച്ചു. മൂന്നു ജില്ലകള്‍ 45 ശതമാനത്തിനു മുകളിലും മറ്റു ജില്ലകള്‍ 30 ശതമാനത്തിനു മുകളിലുമാണ്.
2020ല്‍ പദ്ധതി ആരംഭിക്കുമ്പോള്‍ സംസ്ഥാനത്തെ 17.50 ലക്ഷം വീടുകളില്‍ മാത്രമായിരുന്നു പൈപ്പ് കണക്ഷന് ഉണ്ടായിരുന്നത്. ജല്‍ജീവന്‍ മിഷനിലൂടെ 54.45 ലക്ഷം വീടുകളില്‍ കൂടി കണക്ഷന് നല്കി.
ഗ്രാമീണ മേഖലയില്‍ ആകെയുള്ള 69.82 ലക്ഷം വീടുകളില്‍ 38.62 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്കി. 55.31 ശതമാനം നേട്ടം സംസ്ഥാനത്തുണ്ട്. 2020ല്‍ സംസ്ഥാനത്ത് 25 ശതമാനംമാത്രമായിരുന്നു ഗാര്‍ഹിക പൈപ്പ് കണക്ഷന്.