സർവകലാശാലാ സിൻഡിക്കറ്റിന് കൂടുതൽ അധികാരം; കരട് ഭേദഗതി ബില്ലിന് മന്ത്രിസഭാ അംഗീകാരം
Thursday, September 25, 2025 2:51 AM IST
തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ് ചാൻസലർ- സിൻഡിക്കറ്റ് തർക്കത്തിനു പിന്നാലെ സർവകലാശാലാ സിൻഡിക്കറ്റ് യോഗം വിളിക്കാൻ സിൻഡിക്കറ്റിന് അധികാരം നൽകി സർവകലാശാലാ ആക്ടുകളിൽ ഭേദഗതി വരുത്താനുള്ള ബില്ലിന്റെ കരടിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
നിലവിലുള്ള സിൻഡിക്കറ്റ് അംഗങ്ങളിൽ മൂന്നിലൊന്നു പേർ രേഖാമൂലം ആവശ്യപ്പെട്ടാൽ ഏഴു ദിവസത്തിനകം വൈസ് ചാൻസലർ സിൻഡിക്കറ്റ് യോഗം വിളിക്കുകയും അവർ ആവശ്യപ്പെട്ട വിഷയം ചർച്ച ചെയ്യുകയും വേണമെന്ന ഭേദഗതിയുടെ കരടാണ് അംഗീകരിച്ചത്.
രണ്ടു മാസം കൂടുന്പോൾ സിൻഡിക്കറ്റ് യോഗം വിസി വിളിച്ചുചേർക്കണമെന്ന നിർദേശവും കരട് ചട്ടത്തിലുണ്ട്. നിലവിൽ സിൻഡിക്കറ്റ് യോഗം വിളിക്കാൻ വൈസ് ചാൻസലർക്കു മാത്രമേ അധികാരമുള്ളു. നിശ്ചിത കാലാവധിയും നിഷ്കർഷിക്കുന്നില്ല.
കോടതിവിധിയുണ്ടായിട്ടും കേരള സർവകലാശാലയിലെ സിൻഡിക്കറ്റ് യോഗം വിളിക്കാൻ വൈസ് ചാൻസലർ വിസമ്മതിച്ചത് നിശ്ചിത കാലാവധി ചട്ടങ്ങളിൽ ചൂണ്ടിക്കാട്ടാത്ത സാഹചര്യത്തിലായിരുന്നു.
കേരള സർവകലാശാലാ രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കുന്ന കാര്യം ചർച്ച ചെയ്യാൻ സിൻഡിക്കറ്റ് യോഗം വിളിക്കാൻ ഹൈക്കോടതി വിസിയോടു നിർദേശിച്ചിരുന്നു.
ഭേദഗതി ബില്ലിന് അംഗീകാരം ലഭിക്കാൻ ഗവർണറുടെ അനുമതി ആവശ്യമാണ്. സിൻഡിക്കറ്റിന് കൂടുതൽ അധികാരം നൽകിയുള്ള ബില്ലിന് ഗവർണർ അംഗീകാരം നൽകുമോയെന്ന കാര്യവും പ്രധാനമാണ്.
ഉന്നതവിദ്യാഭ്യാസ വകുപ്പിനു പുറത്ത് മറ്റു വകുപ്പുകളുടെ കീഴിലുള്ളവ അടക്കമുള്ള സംസ്ഥാനത്തെ 16 സർവകലാശാലാ ആക്ടുകളിൽ ഭേദഗതി വരുത്തും. ശാസ്ത്ര സാങ്കേതിക സർവകലാശാല, കാർഷിക സർവകലാശാല, ഫിഷറീസ് സർവകലാശാല, വെറ്ററിനറി സർവകലാശാല, മലയാളം സർവകലാശാല, സംസ്കൃത സർവകലാശാല തുടങ്ങിയവയുടെ ആക്ടിലും ആനുപാതികമായി ഭേദഗതി വരുത്തും.