പന്തളത്തെ വിവാദ പ്രസംഗം: സ്വാമി ശാന്താനന്ദ മഹർഷിക്കെതിരേ കേസെടുത്തു
Thursday, September 25, 2025 2:31 AM IST
പന്തളം: പന്തളത്തു നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ പങ്കെടുത്ത് വിവാദ പ്രസംഗം നടത്തിയ ശ്രീരാമ ദാസ മിഷൻ അധ്യക്ഷൻ സ്വാമി ശാന്താനന്ദ മഹർഷിക്കെതിരേ പന്തളം പോലീസ് കേസെടുത്തു.
പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെയും ഹൈക്കോടതി അഭിഭാഷകന്റെയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആക്ടിംഗ് സെക്രട്ടറിയുടെയും പരാതിയിന്മേലാണ് സ്വാമി ശാന്താനന്ദ മഹർഷിക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമതത്തി പോലീസ് കേസെടുത്തിട്ടുള്ളത്.
സിപിഎം പന്തളം ഏരിയാ കമ്മിറ്റിയംഗവും കൊട്ടാരം കുടുംബാംഗവുമായ തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ എ.ആർ. പ്രദീപ് വർമ, ഹൈക്കോടതിയിലെ അഭിഭാഷകൻ വി.ആർ. അനൂപ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആക്റ്റിംഗ് സെക്രട്ടറി എൻ.സി. അബീഷ് എന്നിവരാണ് പരാതിക്കാർ. തിങ്കളാഴ്ച പന്തളത്തു നടന്ന ശബരിമല സംരക്ഷണ സംഗമത്തിലായിരുന്നു സ്വാമിയുടെ പ്രസംഗം
ശബരിമല അയ്യപ്പനുമായി ബന്ധമുള്ള വാവര് സ്വാമിയെ മുസ്ലിം തീവ്രവാദിയായും അക്രമകാരിയായുമായി ചിത്രീകരിച്ച് മതവിദ്വേഷ പ്രസംഗം നടത്തിയെന്നാണ് പ്രദീപ് വർമയുടെ പരാതിയിലുള്ളത്. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനായി മനഃപൂർവം നടത്തിയ പ്രസംഗമാണ് സ്വാമിയുടേതെന്ന് പരാതിയിൽ പറയുന്നു.
ഭക്തന്റെ വികാരങ്ങളെ വ്രണപ്പെടുത്തി രണ്ട് സമുദായങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കാനും സാമൂഹിക ഐക്യം ദുർബലപ്പെടുത്തി അക്രമ പ്രവണതകൾക്ക് പ്രേരണ നൽകുന്നതുമാണെന്ന് വി.ആർ. അനൂപും എൻ.സി. അബീഷും പരാതിയിൽ പറയുന്നുണ്ട്.
196/1 ബിഎൻഎസ്, 299/ ബിഎൻഎസ് എന്നീ വകുപ്പുകൾ ചുമത്തിയാണ് സ്വാമിക്കെതിരേ പന്തളം പോലീസ് കേസെടുത്തിരിക്കുന്നത്.