കെ.ജെ. ഷൈനിനെതിരായ അപവാദപ്രചാരണം; കെ.എം. ഷാജഹാന്റെ മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു
Thursday, September 25, 2025 2:31 AM IST
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസിലെ രണ്ടാംപ്രതി കെ.എം. ഷാജഹാന്റെ മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തു.
ഇന്നലെ ആലുവയിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യലിനു ഹാജരായപ്പോഴാണ് അധിക്ഷേപകരമായ വീഡിയോ ചിത്രീകരിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഷാജഹാന് അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാക്കിയത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. കഴിഞ്ഞദിവസം ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ ഫോണ്‍ പിടിച്ചെടുത്തിരുന്നു.
ഇന്നലെ ഉച്ചയോടെ പോലീസിനു മുമ്പാകെ ഹാജരായ ഷാജഹാനെ മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘം ആറു മണിക്കൂറോളം ചോദ്യം ചെയ്തു. വീഡിയോയില്‍ കെ.ജെ. ഷൈനിന്റെ പേരു പരാമര്‍ശിച്ചിട്ടില്ലെന്നും അധിക്ഷേപകരമായ യാതൊന്നും ചെയ്തിട്ടില്ലെന്നുമുള്ള നിലപാടാണു ചോദ്യം ചെയ്യലിലുടനീളം ഷാജഹാന് സ്വീകരിച്ചത്.
മെറ്റയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് വീണ്ടും ചോദ്യം ചെയ്യാനാണു പോലീസിന്റെ നീക്കം. പോലീസ് കാവലിലാണ് ഷാജഹാന് ചോദ്യം ചെയ്യലിനു ഹാജരായതും മടങ്ങിയതും. കേസില്‍ പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം. അതേസമയം, കേസിലെ ഒന്നാംപ്രതി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണന്, മൂന്നാംപ്രതി കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമ എടപ്പാള്‍ സ്വദേശി യാസര്‍ എന്നിവര്‍ ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരായില്ല.
ഒളിവിലുള്ള ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. അതിനിടെ ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കം ചെയ്തു. ഇതു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം മെറ്റയ്ക്ക് കത്ത് നല്‍കിയിരുന്നു. പ്രതിപക്ഷം എന്നപേരിലുള്ള യുട്യൂബ് ചാനലിലൂടെ കെ.എം. ഷാജഹാന് അവഹേളിച്ചുവെന്നും സി.കെ. ഗോപാലകൃഷ്ണന് ഫേസ്ബുക്കിലൂടെ അപവാദപ്രചാരണം നടത്തിയെന്നുമാണ് കെ.ജെ. ഷൈനിന്റെ പരാതി. ഷാജഹാനെ തിങ്കളാഴ്ച വീ ണ്ടും ചോദ്യം ചെയ്യും.
പ്രതിഷേധവുമായി സിപിഎം
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി ഇന്നലെ രാത്രി 7.15ഓടെ പുറത്തിറങ്ങിയ കെ.എം. ഷാജഹാനെതിരേ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തി. അധിക്ഷേപ മുദ്രാവാക്യവുമായി ഷാജഹാന്റെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. പോലീസ് ഇടപെട്ടാണ് ഇവരെ നീക്കിയത്. ഷാജഹാനെതിരായ പ്രതിഷേധം തുടരാനാണു സിപിഎം നീക്കം.