റേഷൻവ്യാപാരികളുടെ നിയമസഭാ മാർച്ച് ഒക്ടോബർ ഏഴിന്
Thursday, September 25, 2025 2:30 AM IST
തൃശൂർ: സർക്കാർ അവഗണനയിലും വാഗ്ദാനലംഘനത്തിലും ഉദ്യോഗസ്ഥപീഡനത്തിലും പ്രതിഷേധിച്ച് റേഷൻവ്യാപാരികളുടെ നിയമസഭാ മാർച്ച് ഒക്ടോബർ ഏഴിനു നടക്കുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി നെല്ലൂർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളപ്പിറവിദിനംമുതൽ സംസ്ഥാനവ്യാപകമായി എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും അനിശ്ചിതകാല സത്യഗ്രഹം സംഘടിപ്പിക്കും. കടകൾ അടയ്ക്കാതെയാണ് മാർച്ച് നടത്തുക. ഈ ദിവസം റേഷൻകടകളിൽ ജോലിചെയ്യുന്നവർ കറുത്ത ബാഡ്ജ് ധരിക്കും.
പ്രതിഷേധസൂചകമായി റേഷൻ കടകൾക്കുമുന്പിൽ കറുത്ത കൊടിയും വഞ്ചനാദിനബോർഡും സ്ഥാപിക്കും. എന്നിട്ടും നടപടിയുണ്ടായില്ലെങ്കിൽ കടയടപ്പുസമരത്തിലേക്കു കടക്കുമെന്നും ജോണി നെല്ലൂർ ഓർമപ്പെടുത്തി.