സംസ്ഥാന ഭക്ഷ്യ കമ്മീഷനിൽ നാല് അംഗങ്ങളെക്കൂടി നിയമിച്ചു
Thursday, September 25, 2025 2:31 AM IST
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ കമ്മീഷനിൽ നാലു അംഗങ്ങളെക്കൂടി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പൊതു വിഭാഗത്തിൽ അഡ്വ. കെ.എൻ. സുഗതൻ (എറണാകുളം രാമമംഗലം സ്വദേശി), വനിതാ വിഭാഗത്തിൽ ടി.കെ. ഷീല (ഷീല വിജയകുമാർ- തൃശൂർ ആലപ്പാട് സ്വദേശി) എന്നിവരെ നിയമിച്ചു. പട്ടികജാതി വിഭാഗത്തിൽ വി.രമേശനെയും(പെരിന്തൽമണ്ണ) പട്ടികവർഗവിഭാഗത്തിൽ എം.മുരുകേഷിനെയു(പാലക്കാട് കാവുണ്ടിക്കൽ)മാണ് നിയമിച്ചത്.
ചെയർമാനും അഞ്ച് അംഗങ്ങളുമുള്ള ഭക്ഷ്യ കമ്മീഷനിൽ ചെയർമാനും ഒരംഗവും മാത്രമാണ് ഉണ്ടായിരുന്നത്. സിപിഐ പ്രതിനിധിയായ ഡോ. ജിജു സക്കറിയ ഉമ്മനാണ് ചെയർമാൻ. സിപിഎം പ്രതിനിധിയായ അഡ്വ. സബിദാ ബീഗം നിലവിലെ അംഗമാണ്. മൂന്നു വർഷമാണ് കാലാവധി.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013, സംസ്ഥാന ഭക്ഷ്യ ഭദ്രതാ ചട്ടം 2018 എന്നിവയിലെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് നിയമനം.