സിഎ വിദ്യാര്‍ഥിയെ കാണാതായ സംഭവം: അന്വേഷണം കോടതി നിരീക്ഷിക്കും
Thursday, September 25, 2025 2:30 AM IST
കൊച്ചി: സിഎ വിദ്യാര്‍ഥി പള്ളുരുത്തി സ്വദേശി ആദം ജോയെ കാണാതായ സംഭവത്തില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം ഹൈക്കോടതി നിരീക്ഷിക്കും.
തിരുവനന്തപുരം റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റ് കേസ് ഏറ്റെടുത്തെങ്കിലും ഇതുവരെ വിദ്യാര്‍ഥിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണു കോടതി മേല്‍നോട്ടം വഹിക്കാന്‍ തീരുമാനിച്ചത്.
മകനെ കണ്ടെത്തി ഹാജരാക്കണമെന്നാവശ്യപ്പെട്ട് ജോയുടെ പിതാവ് കൊല്ലശേരി കെ.ജെ. ആന്റണി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. അന്വേഷണപുരോഗതി സംബന്ധിച്ച് മാസം തോറും ഇടക്കാല റിപ്പോര്‍ട്ട് നല്‍കണം.
ഇതിനിടയില്‍ അന്വേഷണത്തില്‍ എന്തെങ്കിലും പുരോഗതിയുണ്ടായാല്‍ ഉടനടി അന്വേഷണസംഘത്തിനു കോടതിയെ സമീപിക്കാം. ഹര്‍ജിക്കാരനോ പോലീസോ എഎച്ച്ടിയുവോ എന്തെങ്കിലും രേഖകള്‍ സമര്‍പ്പിച്ചാല്‍ ബെഞ്ച് മുമ്പാകെ സമര്‍പ്പിക്കാന്‍ രജിസ്ട്രിക്കും കോടതി നിര്‍ദേശം നല്കി.
നേരത്തേ വിഷയം സിബിഐ അന്വേഷിക്കണമെന്നു കോടതി ഉത്തരവിട്ടെങ്കിലും ദേശീയപ്രാധാന്യമുള്ള വിഷയമല്ലാത്തതിനാല്‍ ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ അറിയിച്ചിരുന്നു. അഴിമതിനിരോധന നിയമവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഏജന്‍സിയുടെ പരിധിയില്‍ വരുന്നതല്ല യുവാവിനെ കാണാതായ സംഭവം. അന്വേഷണം നടത്താനാവശ്യമായ ആള്‍ബലം അന്വേഷണ ഏജന്‍സിക്കില്ലെന്നും സിബിഐ വ്യക്തമാക്കി. തുടര്‍ന്നാണ് കോടതി എഎച്ച്ടിയു അന്വേഷണത്തെക്കുറിച്ച് നിലപാട് തേടിയത്.
കുട്ടികളെ കാണാതാകുന്ന സംഭവം മാത്രമാണ് എഎച്ച്ടിയു അന്വേഷിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും കാണാതായ വിദ്യാര്‍ഥിക്ക് 20 വയസ് മാത്രമാണുള്ളതെന്നതടക്കം ചൂണ്ടിക്കാട്ടി അന്വേഷണം ഏറ്റെടുക്കാനാകുമോയെന്നു സര്‍ക്കാരിനോട് ആരാഞ്ഞു. തുടര്‍ന്നാണ് ഐജിയുടെ മേല്‍നോട്ടത്തില്‍ എഎച്ച്ടിയു അന്വേഷണം നടന്നുവരുന്നത്.