ശബ്ദരേഖ വിവാദം: ഡിവൈഎഫ്ഐ നേതാവിനെ തരംതാഴ്ത്തി
Thursday, September 25, 2025 2:31 AM IST
തൃശൂർ: ശബ്ദരേഖ വിവാദത്തിൽ സിപിഎമ്മിൽ നടപടി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.പി. ശരത് പ്രസാദിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നു നീക്കി.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽനിന്നാണ് നീക്കിയത്. ഒപ്പം ബ്രാഞ്ചിലേക്കു തരംതാഴ്ത്തുകയും ചെയ്തു. ജില്ലയിലെ പ്രധാന സിപിഎം നേതാക്കൾ അനധികൃതമായി സ്വത്ത് സന്പാദിക്കുന്നു എന്ന് ആരോപിക്കുന്നതായിരുന്നു ശരത്തിന്റേതായി പുറത്തുവന്ന വിവാദ ശബ്ദരേഖ.
സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൽനിന്നാണ് കുറ്റാൽ ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയത്. ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് തീരുമാനം. ശബ്ദരേഖ വിവാദത്തിൽ ശരത്തിൽനിന്ന് പാർട്ടി വിശദീകരണം തേടിയിരുന്നു. എന്നാൽ മറുപടി തൃപ്തികരമല്ലെന്നാണ് വിവരം.
കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ എംഎൽഎ, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർക്കെതിരേയായിരുന്നു ശരത്തിന്റെ ആരോപണം.
ശരത് സിപിഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന നിബിൻ ശ്രീനിവാസിനോടു സംസാരിക്കുന്നതിന്റെ ശബ്ദരേഖയായിരുന്നു പുറത്തുവന്നത്.