തെരുവുനായ വിരൽ കടിച്ചെടുത്തു; പ്രവാസിയുടെ വിദേശയാത്ര മുടങ്ങി
Thursday, September 25, 2025 2:31 AM IST
കോട്ടയം: തെരുവുനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രവാസിക്കു ജോലിയിൽ തിരികെ പ്രവേശിക്കാനായുള്ള വിദേശയാത്ര മുടങ്ങി.
തെരുവുനായ ആക്രമിച്ചു കടിച്ചെടുത്ത വിരൽ അടുത്ത തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്യും. ഇതോടെയാണ് വിദേശയാത്ര മുടങ്ങുന്നത്. അയർക്കുന്നം പുന്നത്തുറ പൂവത്തുങ്കൽ പി.ടി. ഷാജിമോനെ(54)യാണ് കഴിഞ്ഞ 17ന് കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ തെരുവുനായ കടിച്ചുകീറിയത്.
വർഷങ്ങളായി സൗദിയിലായിരുന്ന ഷാജി നാലു മാസം മുമ്പു നാട്ടിൽ വന്ന ശേഷം നാളെ തിരികെ സൗദിയിലേക്കു മടങ്ങുന്നതു മുന്നോടിയായി സാധനങ്ങൾ വാങ്ങാനായി കോട്ടയത്ത് എത്തിയപ്പോഴാണ് നായ ആക്രമിച്ചത്.
മകനെയും നോട്ടമിട്ടു
കോട്ടയം കുര്യൻ ഉതുപ്പ് റോഡിനു സമീപത്തുള്ള കടയിൽനിന്നു സാധനങ്ങൾ വാങ്ങി പ്ലസ് ടു വിദ്യാർഥിയായ മകനുമൊത്തു നടക്കുമ്പോൾ റോഡിൽ നിന്ന തെരുവുനായ പാഞ്ഞെത്തി ഷാജിയെ കടിക്കുകയായിരുന്നു. തുടർന്നു നായ മകനു നേരേ തിരിഞ്ഞതോടെ ഷാജി പ്രതിരോധിക്കാൻ ശ്രമിച്ചു. ഈ സമയം കൂടുതൽ ആക്രമണകാരിയായി മാറിയ നായ ഷാജിയുടെ ഇരു കൈകളിലും തലങ്ങും വിലങ്ങും കടിക്കുകയായിരുന്നു.
ഷാജിയുടെ വലതുകൈത്തുമ്പ് കടിച്ചു പറിച്ചെടുത്തു. കൈപ്പത്തിയുടെ മുകൾ ഭാഗവും കടിച്ചു കീറി. കൈകൾ ചോരയിൽ കുളിച്ചു. കൈകളിൽ പത്തു തവണ നായ കടിച്ച പാടുണ്ട്. ഈ സമയം ഭാര്യ ജെയ്ൻ കടയിൽനിന്ന് ഇറങ്ങി വരുകയായിരുന്നതിനാൽ നായയുടെ ആക്രമണത്തിൽ അകപ്പെട്ടില്ല.
ജോലി പോകുമോയെന്ന ഭീതിയിൽ കുടുംബം
നാലു മാസം മുമ്പാണ് ഷാജി സൗദിയിൽനിന്നു നാട്ടിലെത്തിയത്. പിത്താശയ രോഗത്തെത്തുടർന്നു ശസ്ത്രക്രിയയ്ക്കാണ് നാട്ടിലെത്തിയത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പിത്താശയം നീക്കം ചെയ്തിരുന്നു. സൗദിയിൽ സൊയാബിൻ പയറിൽനിന്ന് ഓയിൽ ഉത്പാദിപ്പിക്കുന്ന പ്ലാന്റിൽ മെക്കാനിക്കാണ് ഷാജി. 30,000 രൂപ മുടക്കി വിമാന യാത്രയ്ക്കു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
ഷാജിക്കു ഭാര്യയും വിദ്യാർഥികളായ രണ്ട് ആൺ മക്കളുമാണുള്ളത്. മൂത്ത മകൻ നഴ്സിംഗിനും രണ്ടാമത്തെയാൾ പ്ലസ്ടുവിനും പഠിക്കുകയാണ്. സൗദിയിൽ പണിയെടുത്ത പണവും ബാങ്ക് ലോൺ എടുത്തുമാണ് വീട് വച്ചതും മകനെ നഴ്സിംഗ് പഠനത്തിന് അയച്ചതും.എന്നാൽ, കൈയിൽ ശസ്ത്രക്രിയ ചെയ്യുന്ന മുറയ്ക്കു മാസങ്ങളോളം വിശ്രമം വേണ്ടിവരും.
ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സ ചെയ്യേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.മാസങ്ങൾ കഴിഞ്ഞാലും ജോലിക്കു തിരിച്ചുപോകാൻ കഴിയുമോയെന്ന ആശങ്കയിലാണ് ഷാജി. ദീർഘ അവധിയെടുത്താൽ സൗദിയിലെ ജോലി നഷ്ടമാകുമെന്ന ഭീതിയിലാണ് ഷാജിയും കുടുംബവും.
സാന്പത്തിക പ്രതിസന്ധിയിൽ
ബാങ്ക് ലോണിന്റെ അടവു മുടങ്ങുമെന്ന ആശങ്കയും ഇവരെ അലട്ടുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയുടെ വക്കത്താണ് ഈ കുടുംബം. നായയുടെ കടിയേൽക്കുന്നവർക്കു പഞ്ചായത്ത് മുഖേന ചെറിയ തുക നൽകും എന്നതാണ് സർക്കാർ തലത്തിലുള്ള സഹായം. ഇതുകൊണ്ടൊന്നും മാസങ്ങളോളം ചികിത്സ വേണ്ടി വരുന്നവർക്കു പിടിച്ചു നിൽക്കാൻ കഴിയില്ല.
തെരുവുനായ ശല്യം വർധിച്ചതോടെ ഗുരുതര കടിയേറ്റ് ചികിത്സയിലാകുന്നവർക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഭാര്യ ജയ്നാണ് ഷാജിയെ പരിചരിക്കാൻ ആശുപത്രിയിലുള്ളത്. ഷാജിയെ കടിച്ച നായ അന്നേ ദിവസം 11 പേരെയാണ് കടിച്ചത്.
ശസ്ത്രക്രിയ വേണം
ഷാജിമോനെ ഉടൻതന്നെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു വിദഗ്ധ ചികിത്സയ്ക്കു റഫർ ചെയ്തു. നിലവിൽ ഷാജി മെഡിക്കൽ കോളജ് പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ ചികിത്സയിലാണ്.
വിരൽത്തുമ്പ് നായ കടിച്ചെടുത്തതിനാൽ ഈ ഭാഗത്തു ശസ്ത്രക്രിയ നടത്തണം. തുടയുടെ ഭാഗത്തുനിന്നു മാംസമെടുത്തു തുന്നിച്ചേർക്കണം. നിലവിൽ ഷാജിയുടെ കൈകൾ നീര് വച്ചു വീർത്ത നിലയിലാണ്. ഇരു കൈകൾക്കും കടുത്ത വേദനയുമുണ്ട്. നായയുടെ സ്രവം മുറിവിനുള്ളിലൂടെ കടന്നിട്ടുണ്ടെന്നു ഡോക്ടർമാർ പറഞ്ഞതായി ഷാജി പറഞ്ഞു.