അവയവദാനം: ഉപദേശകസമിതി രണ്ടാഴ്ചയ്ക്കകം ചേരണമെന്നു കോടതി
Thursday, September 25, 2025 2:51 AM IST
കൊച്ചി: സംസ്ഥാനത്ത് അവയവദാനം നടത്തുന്നതിന് മാര്‍ഗരേഖ തയാറാക്കാന്‍ രൂപീകരിച്ച ഉപദേശകസമിതി രണ്ടാഴ്ചയ്ക്കുള്ളില്‍ യോഗം ചേരണമെന്നു ഹൈക്കോടതി.
ഒരു മാസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കണം. ദാതാക്കളും സ്വീകര്‍ത്താക്കളും ചൂഷണത്തിനിരയാകുന്നതു തടയാന്‍ അംഗീകൃത സംവിധാനം വേണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി നല്കിയ ഹര്‍ജിയിലാണു ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
2024 ഓഗസ്റ്റ് 20നാണ് ഉപദേശകസമിതി രൂപീകരിച്ചത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു യോഗം പോലും ചേര്‍ന്നിരുന്നില്ല. ഇതു സമിതിയുടെ രൂപീകരണ ലക്ഷ്യം തന്നെ ഇല്ലാതാക്കുമെന്ന് കോടതി വിലയിരുത്തി.