സർക്കാരിന്റെ നീതിനിഷേധത്തിനെതിരേ ; കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ സെക്രട്ടേറിയറ്റ് മാർച്ച് നാളെ
Thursday, September 25, 2025 2:31 AM IST
തിരുവനന്തപുരം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോടു കാണിക്കുന്ന നീതിനിഷേധത്തിനെതിരേ കത്തോലിക്ക അധ്യാപകരുടെ സംഘടനയായ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നു.
നാളെ രാവിലെ 10 നു പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിക്കുന്ന മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണയോടെ സമാപിക്കും.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ്, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, നെയ്യാറ്റിൻകര രൂപത സഹായമെത്രാൻ ഡോ. സെൽവരാജൻ ദാസൻ, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് എന്നിവർ സമരത്തിൽ പങ്കെടുക്കുമെന്ന് തിരുവനന്തപുരം മേജർ അതിരൂപത കറസ്പോണ്ടന്റും വികാരി ജനറാളുമായ മോൺ.ഡോ. വർക്കി ആറ്റുപുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭിന്നശേഷി സംവരണം തങ്ങളുടെ സ്കൂളുകളിൽ നടപ്പിലാക്കാൻ തയാറാണെന്ന് ക്രിസ്ത്യൻ മാനേജ്മെന്റുകൾ സർക്കാരിനു സത്യവാങ്മൂലം നൽകിയിരുന്നു. കോടതിവിധിയനുസരിച്ച് അത്തരത്തിലുള്ള എല്ലാ ഒഴിവുകളും മാനേജ്മെന്റുകൾ ഒഴിച്ചിട്ടിട്ടുമുണ്ട്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ലഭ്യമായ എല്ലാവരെയും നിയമിച്ചും കഴിഞ്ഞു. എന്നാൽ, ഭിന്നശേഷി അധ്യാപകരെ പൂർണമായി നിയമിക്കാതെ മറ്റ് അധ്യാപക നിയമനങ്ങൾ അംഗീകരിക്കില്ലെന്നുള്ള സർക്കാരിന്റെ പിടിവാശിക്ക് അടിസ്ഥാനമില്ല. സർക്കാരിന്റെ ഈ നിലപാട് സുപ്രീംകോടതിയിൽ ചോദ്യംചെയ്ത എൻഎസ്എസ് മാനേജ്മെന്റിനു സർക്കാർ അനുകൂല ഉത്തരവു പുറപ്പെടുവിച്ചു.
സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഏജൻസികൾക്കും വിധി ബാധകമാണെന്ന സുപ്രീംകോടതി ഉത്തരവും നാലുമാസത്തിനകം പ്രശ്നപരിഹാരമുണ്ടാക്കണം എന്ന ഹൈക്കോടതി വിധികളും സർക്കാർ കാറ്റിൽപ്പറത്തുകയാണ്. ഇത് ഇരട്ടനീതിയാണ്.
2018 മുതൽ 2021 വരെയുള്ള അധ്യാപക നിയമനങ്ങൾ സർക്കാർ താത്കാലികമായാണ് അംഗീകരിച്ചിരിക്കുന്നത്. 2021നുശേഷം മാനേജ്മെന്റ് സ്കൂളുകളിലെ മുഴുവൻ നിയമനങ്ങളും ദിവസവേതനാടിസ്ഥാനത്തിലാണു നടക്കുന്നത്. ഇതിനും പലവിധ സങ്കീർണ ഉത്തരവുകൾ പ്രതിസന്ധികൾ തീർക്കുന്നു.
ഇത്തരത്തിൽ ദിവസക്കൂലിക്കാരായി തരംതാഴ്ത്തപ്പെട്ടിരിക്കുന്ന ആയിരക്കണക്കിനു യോഗ്യരായി അധ്യാപകർക്ക് കേരള സർവീസ് റൂളും ചട്ടവും പ്രകാരമുള്ള ഇൻക്രിമെന്റ്, ഗ്രേഡ് തുടങ്ങിയ ആനുകൂല്യങ്ങളോ പ്രൊബേഷനോ നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
മാത്രമല്ല ഇത്തരത്തിൽ തരംതാഴ്ത്തപ്പെട്ടിരിക്കുന്ന അധ്യാപകർക്ക് നിയമാനുസൃതമായുള്ള അവധി ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ജീവിതം വഴിമുട്ടി, ശമ്പളം നിഷേധിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് അധ്യാപക ആത്മഹത്യകളും കേരളത്തിൽ സംഭവിക്കുന്നത് ബന്ധപ്പെട്ടവർ കണ്ണുതുറന്ന് കാണേണ്ടതുണ്ട് എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ സമരം.
നാളെ നടക്കുന്ന സമരത്തിൽ 32 കത്തോലിക്ക രൂപതകളിൽനിന്നു നാലായിരത്തിലധികം വരുന്ന അധ്യാപകർ പങ്കെടുക്കുമെന്നും മോൺ. ഡോ. വർക്കി ആറ്റുപുറത്തു പറഞ്ഞു.
കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി ജി.ബിജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.