വയോസേവന പുരസ്കാരം: കൊച്ചി മികച്ച കോർപറേഷൻ
Friday, September 26, 2025 1:26 AM IST
തിരുവനന്തപുരം: സംസ്ഥാനതല വയോസേവന പുരസ്കാരങ്ങളിൽ മികച്ച കോർപറേഷനായി കൊച്ചി തെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയാണ് പുരസ്കാരം.
മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം കാസർഗോഡിനാണ്. പൊതുസ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും വയോജന സൗഹൃദ സൗകര്യങ്ങൾ ഏർപ്പെടുത്തിയതടക്കമുള്ള പ്രവർത്തനമികവിനാണ് ഈ അംഗീകാരം. നെടുമങ്ങാട് നഗരസഭയെ മികച്ച മുനിസിപ്പാലിറ്റിയായി തെരഞ്ഞെടുത്തു. മാനന്തവാടിയെ മികച്ച ബ്ലോക്ക് പഞ്ചായത്തായും ഒളവണ്ണയെ മികച്ച ഗ്രാമപഞ്ചായത്തായും തെരഞ്ഞെടുത്തു.
മികച്ച എൻജിഒക്കുള്ള പുരസ്കാരം കണ്ണൂരിലെ ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിനു കീഴിലുള്ള ഖിദ്മ തണൽ സ്നേഹവീടിനാണ്. മികച്ച മെയിന്റനൻസ് ട്രിബ്യൂണലിനുള്ള പുരസ്കാരം തൃശൂർ മെയിന്റനൻസ് ട്രിബ്യൂണൽ നേടി.
കോഴിക്കോട് കോർപറേഷനു കീഴിലെ കുണ്ടൂപ്പറന്പ് സായംപ്രഭാ ഹോമിനാണ് മികച്ച സർക്കാർ വൃദ്ധസദനത്തിനുള്ള സായംപ്രഭാ ഹോം പുരസ്കാരം.