അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള ഭേദഗതി ബില്ലിന് സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം
Friday, September 26, 2025 1:26 AM IST
തിരുവനന്തപുരം: ജീവനു ഭീഷണിയാകുന്ന അക്രമകാരികളായ വന്യജീവികളെ കൊല്ലാൻ നിർദേശിക്കുന്ന വന്യജീവി സംരക്ഷണ നിയമ (കേരള ഭേദഗതി) ബില്ലിന് നിയമസഭാ സബജ്ക്ട് കമ്മിറ്റിയുടെ അംഗീകാരം.
ജില്ലാ കളക്ടറുടെയോ ചീഫ് ഫോറസ്റ്റ് കണ്സർവേറ്ററുടെയോ റിപ്പോർട്ടോടെ ചീഫ് വൈൽഡ് ലൈഫ് വാർഡന് കൊല്ലാൻ ഉത്തരവിടാനുള്ള നിർദേശം കാലതാമസത്തിന് ഇടയാക്കുമെന്നും ഡിഎഫ്ഒ, റേഞ്ച് ഓഫീസർ തലത്തിലുള്ള ഉദ്യോഗസ്ഥന് വിശ്വാസ യോഗ്യമായ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കാൻ വ്യവസ്ഥ ചെയ്യണമെന്നുമുള്ള പ്രതിപക്ഷ വിയോജനക്കുറിപ്പോടെയാണ് ബില്ലിന് സബ്ജക്ട് കമ്മിറ്റി അംഗീകാരം നൽകിയത്.
ഇതോടൊപ്പം വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതു തടയാനുള്ള വ്യവസ്ഥകളും ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വന്യമൃഗ ആക്രമണത്തിന് ഇരയാകുന്നവരുടെ ആശ്രിതർക്കും നാശനഷ്ടമുണ്ടായവർക്കും മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഇതിനായി പ്രത്യേക ട്രൈബ്യൂണൽ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യണമെന്നും വിയോജനക്കുറിപ്പിൽ വ്യക്തമാക്കുന്നു.
സബ്ജക്ട് കമ്മിറ്റി അംഗീകരിച്ച ബിൽ അടുത്തയാഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്കെത്തും. 29നു ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലാകും സബ്ജക്ട് കമ്മിറ്റി അംഗീകരിച്ച ബിൽ ഏതു ദിവസം നിയമസഭയുടെ പരിഗണനയ്ക്കു വരണമെന്നു തീരുമാനിക്കുക.
തുടർന്ന് അംഗങ്ങളുടെ ചർച്ചയ്ക്കുശേഷം ബിൽ നിയമസഭ പാസാക്കും. തുടർന്ന് നിയമസഭ പാസാക്കിയ ഭേദഗതി ബിൽ ഗവർണറുടെ പരിഗണനയ്ക്കു വിടും.
കേന്ദ്ര നിയമത്തിന്മേലാണ് കേരളം ഭേദഗതി കൊണ്ടു വരുന്നതെന്നതിനാൽ രാഷ്ട്രപതിയുടെ അനുമതി ആവശ്യമായി വരും. ഇതിനാൽ ബിൽ ഗവർണർ, രാഷ്ട്രപതിക്ക് അയയ്ക്കും. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ ഫലത്തിൽ വന്യജീവി സംരക്ഷണ നിയമ ഭേദഗതി നിലവിൽ വരികയുള്ളു.
ഇതോടൊപ്പം സ്വകാര്യഭൂമിയിൽ നട്ടുവളർത്തുന്ന ചന്ദനമരം മുറിച്ചു വനം വകുപ്പു വഴി വിൽപ്പന നടത്തുന്നതിനുള്ള കേരള ഫോറസ്റ്റ് (ഭേദഗതി) ബില്ലിനും സബ്ജക്ട് കമ്മിറ്റി അംഗീകാരം നൽകി. ഈ ബില്ലിലും പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് അനുമതി നൽകിയത്.