മുള്ളിനെ മുള്ളുകൊണ്ടെടുത്ത ആശ്വാസത്തിൽ കാർത്തികേയൻ
Friday, September 26, 2025 1:26 AM IST
എം.വി. വസന്ത്
പാലക്കാട്: മുള്ളിനെ മുള്ളുകൊണ്ടുതന്നെ എടുക്കണം. പാടിപ്പതിഞ്ഞ പഴഞ്ചൊല്ലാണെങ്കിലും ജെൻ സി കാലഘട്ടത്തിലും അതുതന്നെ ശരണം. ഏറെക്കാലമായി തന്നെ കുഴക്കിയ പ്രശ്നത്തിനു വലിയൊരു ശമനമുണ്ടാക്കാൻ കാർത്തികേയൻ അതുതന്നെ ചെയ്തു.
ഫോണിലെ ‘മമത’ വിളികൾ കുറയ്ക്കാൻ... ഫോണിലൂടെയുള്ള ബംഗാളി കോളുകൾ തടയാൻ ഒടുവിൽ ബംഗാളികളെത്തന്നെ തുണയാക്കേണ്ടിവന്നു കാർത്തികേയന്.
അടുത്തിടെ പാലക്കാട് കോട്ടമൈതാനത്തു കാറ്റുകൊള്ളുന്നതിനിടെയാണ് രണ്ടു ബംഗാളി യുവാക്കളെ പരിചയപ്പെടുന്നത്. എന്നും നിരവധി ബംഗാളികളെ കാണാറുണ്ടെങ്കിലും ഈ യുവാക്കൾ കാർത്തികേയനു തീർത്തും സ്പെഷലായി.
അങ്ങു പശ്ചിമബംഗാളിൽ എന്തെങ്കിലും അനിഷ്ടസംഭവമുണ്ടായാൽ പാലക്കാട്ടെ കാർത്തികേയന്റെ ഉള്ളു നടുങ്ങുമായിരുന്നു. പരാതിപരിഹാരവും സഹായവും ആവശ്യപ്പെട്ടു നിരന്തരമായി ബംഗാളിൽനിന്നുമെത്തുന്ന ഫോൺവിളികളായിരുന്നു പുതുപ്പരിയാരം സ്വദേശി കാർത്തികേയനെ മാനസികമായി വേട്ടയാടിയിരുന്നത്. കോവിഡ്കാലത്തു തുടങ്ങിയ പൊല്ലാപ്പാണ്. അതിന്നും തുടരുന്നു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു പോകേണ്ട ഫോൺകോളെത്തിയിരുന്നത് കാർത്തികേയന്റെ നന്പറിലേക്കായിരുന്നു! കോവിഡ് സുരക്ഷയൊരുക്കാനും പൊതുജനത്തിനു നേരിട്ടു ബന്ധപ്പെടാനും മമത ബാനർജി ടോൾഫ്രീ നന്പർ പുറത്തിറക്കിയിരുന്നു. 91370 91370 എന്നതായിരുന്നു ആ നമ്പർ.
പത്തക്ക ഫോൺ നമ്പറിൽ ഒറ്റനമ്പറിന്റെ വ്യത്യാസമാണ് മമത ബാനർജിയെ തേടിയുള്ള ഫോൺ കോളുകളെ പാലക്കാട്ടേക്കെത്തിച്ചത്. 17 വർഷങ്ങൾക്കുമുന്പ് നല്ലൊരു ഫാൻസി നമ്പറുള്ള സിംകാർഡ് ലഭിച്ചപ്പോൾ പൊല്ലാപ്പാകുമെന്നു കാർത്തികേയൻ കരുതിയില്ല. ബന്ധുക്കളും പരിചയക്കാരുമടക്കം ആയിരത്തിലേറെപ്പേർക്കു നൽകിയത് ഈ നന്പറാണ്. നമ്പർ ഒഴിവാക്കാനും കഴിയില്ല. ഇതായിരുന്നു പ്രധാനമായും കാർത്തികേയനെ അലട്ടിയത്.
എന്തായാലും കോട്ടമൈതാനത്തെ കാറ്റുകൊള്ളലും ബംഗാളി യുവാക്കളെ പരിചയപ്പെടലും ആശ്വാസമായാണ് കാർത്തികേയൻ കണക്കാക്കുന്നത്. അവരോടു കാര്യങ്ങളെല്ലാം വിശദീകരിച്ചു. വേണ്ടപ്പെട്ട അധികാരികളെ അറിയാമെങ്കിൽ നേരിട്ടു വിവരം ധരിപ്പിക്കണമെന്നും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കാര്യങ്ങൾ ഷെയർ ചെയ്യണമെന്നും അവരോട് അഭ്യർഥിച്ചു.
“എല്ലാം ഞങ്ങൾ നോക്കിക്കോളാം സേട്ടാ” എന്നായിരുന്നു യുവാക്കൾ മലയാളത്തിൽ നൽകിയ ഉറപ്പ്.
തുടർന്ന് യുവാക്കളെക്കൊണ്ട് ബംഗാളിഭാഷയിൽ വീഡിയോ ചെയ്യിപ്പിച്ചു. ഇടവും വലവുംനിന്ന് യുവാക്കൾ കാർത്തികേയനെ പരിചയപ്പെടുത്തുന്ന വീഡിയോയിൽ ബംഗാൾ മുഖ്യമന്ത്രിക്കു പോകേണ്ട സന്ദേശങ്ങൾ ഇദ്ദേഹത്തിനാണു ലഭിക്കുന്നതെന്നു വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ യഥാർഥ ഫോൺ നന്പറും വീഡിയോയിൽ എഴുതിക്കാണിക്കുന്നുണ്ട്.
ഓരോരുത്തരുടെയും ജീവിതത്തിൽ ഇതൊക്കെ ചെറിയ നന്പറാണെങ്കിലും താത്കാലികമായെങ്കിലും മുള്ളിനെ മുള്ളുകൊണ്ടെടുത്ത ആശ്വാസത്തിലാണു കാർത്തികേയൻ. ബംഗാളിൽനിന്നുള്ള ‘മമത’ വിളികളിൽ വലിയ കുറവുണ്ടെന്നും കാർത്തികേയൻ പറയുന്നു.