“ചിലര്‍ അയ്യപ്പഭക്തരായി നടിക്കുന്നു”: സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍
Friday, September 26, 2025 1:26 AM IST
കോഴിക്കോട്: സാംസ്കാരികമായി ഏറെ ഔന്നത്യം പുലര്‍ത്തുന്ന കേരളത്തില്‍ ചില സ്കൂളുകളില്‍ ഗുരുപൂജയെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. കോഴിക്കോട് കേസരി ഭവനില്‍ നവരാത്രി സര്‍ഗോത്സവത്തിന്റെ നാലാം ദിവസത്തെ സര്‍ഗസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുപൂജയെയും ഭാരതമാതാവിനെയും ചിലര്‍ എതിര്‍ക്കുകയാണ്. പക്ഷേ, അവര്‍ അയ്യപ്പ ഭക്തരായി നടിക്കുകയാണ്. ഭാരതമാതാവും ഗുരുപൂജയും രാഷ്ട്രീയമല്ല. അത് രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സംസ്കാരമാണെന്നും ആഗോള അയ്യപ്പസംഗമം നടത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഗവർണര്‍ പറഞ്ഞു.
ആര്‍എസ്എസിന്റെ ഭാഗമാണെന്നും സ്വയംസേവകനാണെന്നും പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആര്‍എസ്എസിനോട് ഭാരതത്തിലെ മാധ്യമങ്ങള്‍ വളരെ മുമ്പു മുതല്‍ തന്നെ അസ്പൃശ്യത വച്ചുപുലുര്ത്തുന്നുണ്ട്. ഗുരുജി ഗോള്‍വാള്‍ക്കര്‍ കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം ഒരുവരി പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവിടെയുള്ള മാധ്യമങ്ങള്‍ തയാറായിരുന്നില്ല.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഭാരതീയമായ സമ്പദ് വ്യവസ്ഥയെ സ്വീകരിക്കുന്നതിനു പകരം മുതലാളിത്തം, സോഷ്യലിസം തുടങ്ങിയ പുറത്തുള്ള സമ്പദ് വ്യവസ്ഥയെ സ്വീകരിച്ചു. നമ്മുടെ സംസ്കാരവും ഭൗതികവിജ്ഞാനവും ഉള്‍ക്കൊണ്ടില്ല. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് ദീന്‍ദയാല്‍ ഉപാധ്യായ ഏകാത്മമാനവ ദര്‍ശനം മുന്നോട്ടു വച്ചത്.
സാമ്പത്തികരംഗത്ത് മാത്രമല്ല, സാമൂഹ്യവും സാംസ്കാരികവുമായ എല്ലാ രംഗങ്ങളിലും സ്വദേശിസങ്കല്പം ഉണ്ടായാല്‍ മാത്രമേ ഭാരതം വികസിതമാവുകയുള്ളുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
കെ.എസ്. വിനീത അധ്യക്ഷത വഹിച്ചു. ശ്രേഷ്ഠാചാര സഭാ ആചാര്യന് എം.ടി. വിശ്വനാഥന്, ടി.വി. ഉണ്ണിക്കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.