പോലീസ് ആസ്ഥാനത്ത് പിറന്നാൾ മാസ്!
Friday, September 26, 2025 1:26 AM IST
കണ്ണൂർ: കണ്ണൂരിലെ പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചു കയറി പിറന്നാളാഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.
പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന കണ്ണൂർ സിറ്റി ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ക്യാമ്പ് പരിസരത്ത് അതിക്രമിച്ചു കയറിയായിരുന്നു യുവതിയുടെ പിറന്നാളാഘോഷം സുഹൃത്തുക്കൾ നടത്തിയത്. ആഘോഷം നടത്തിയ ശേഷം ധന്യ വിജേഷ് ഇൻസ്റ്റഗ്രാം ഐഡിയിലൂടെ റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. ഈ മാസം 16നാണ് സംഭവം.
യുവതിയുടെ സുഹൃത്തുക്കളാണു വേറിട്ട പിറന്നാളാഘോഷം സംഘടിപ്പിച്ചത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽനിന്നാണെന്ന വ്യാജേന ഫോണിൽ യുവതിയെ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് പരിസരത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു സുഹൃത്തുക്കൾ അതിരുവിട്ട പിറന്നാളാഘോഷം സംഘടിപ്പിച്ചത്. യുവതിയുടെ വാഹനമിടിച്ച് ഒരാൾക്ക് മരണം സംഭവിച്ചെന്നും അത് സെറ്റിൽമെന്റ് ചെയ്യാനായി സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടുമായിരുന്നു ഫോൺവിളി.
സുഹൃത്തുക്കൾ ടൗൺ പോലീസ് സ്റ്റേഷന്റെ മുൻവശം വഴി വാഹനത്തിൽ എത്തുന്നതും പിറന്നാളാഘോഷിക്കുന്നതുമായ കാര്യങ്ങൾ പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. തുടർന്ന് പോലീസ് ആസ്ഥാനത്തേക്കു കയറി അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോട് സംസാരിച്ചാണ് അകത്തേക്കു കയറിയത്. പോലീസ് കാന്റീനു മുൻ വശത്തായിരുന്നു ആഘോഷങ്ങളുടെ തുടക്കം.
അവിടെ നിർത്തിയിട്ട പോലീസ് ബോംബ് സ്ക്വാഡ് വാഹനത്തിന്റെ മുന്നിൽനിന്നു ഫോട്ടോയെടുത്തും ആഘോഷം ഗംഭീരമാക്കി. സംഘത്തിലെ രണ്ടുപേർ പോലീസ് വാഹനത്തിന്റെ മറവിൽ ഒളിച്ചിരുന്നശേഷം അതുവഴി മറ്റു സുഹൃത്തുക്കൾക്കൊപ്പം നടന്നുവരികയായിരുന്ന യുവതിക്ക് ഓടിയെത്തി മധുരം പങ്കിട്ടാണ് പിറന്നാൾദിന സർപ്രൈസ് നൽകിയത്.
തുടർന്ന് അവിടെനിന്നുതന്നെ കേക്ക് മുറിച്ചും ആഘോഷം നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്. ഇതിനിടെ യുവതിയെ വിളിച്ചുവരുത്തിയ കാര്യം പരസ്പരം സംസാരിച്ച് ആഹ്ലാദിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. എന്നാൽ, പോലീസ് കേസെടുത്തതോടെ പിറന്നാൾ ആഘോഷ ദൃശ്യം സമൂഹമാധ്യമങ്ങളിൽനിന്നു നീക്കം ചെയ്തിട്ടുണ്ട്.
ജില്ലാ പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചു കയറി നടത്തിയ പിറന്നാളാഘോഷത്തിൽ വൻ സുരക്ഷാവീഴ്ച് സംഭവിച്ചതായാണ് വിലയിരുത്തൽ.
സായുധരായ പോലീസുകാർ ഉൾപ്പെടെ കാവൽ നിൽക്കുന്നതിന് തൊട്ടടുത്തായി നടത്തിയ സംഭവം ഇത്രയും ദിവസം പോലീസിന്റെ ശ്രദ്ധയിൽപ്പെടാത്തത് ഗുരുതര വീഴ്ചയാണ്.