മിഗ്21 ഇന്ന് വിസ്മൃതിയിലേക്ക്, സാക്ഷ്യം വഹിക്കാൻ മലയാളി വെറ്ററൻ സർജന്റിനും ക്ഷണം
Friday, September 26, 2025 1:26 AM IST
ജെയിംസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: ആറു പതിറ്റാണ്ട് ഇന്ത്യൻ വ്യോമസേനയുടെ അഭിമാനവും കരുത്തുമായിരുന്ന മിഗ്21 യുദ്ധവിമാനം ഇന്നു ചണ്ഡിഗഡ് എയർഫോഴ്സ് സ്റ്റേഷനിൽ ഡി കമ്മീഷൻ ചെയ്യുന്പോൾ ഈ ചടങ്ങിനു സാക്ഷ്യംവഹിക്കാൻ കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ വെറ്ററൻ സർജന്റ് ആലയ്ക്കാപറന്പിൽ എ.സി.ജോസഫും എത്തും.
18-ാമത്തെ വയസിൽ ഇന്ത്യൻ വ്യോമസേനയിൽ അംഗമായ ഇദ്ദേഹം ചണ്ഡിഗഡിലുള്ള സാങ്കേതിക വിഭാഗത്തിലാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്. റഷ്യൻ നിർമിത യുദ്ധവിമാനമായ മിഗ്21ന്റെ യന്ത്രഭാഗങ്ങൾ ഇവിടെ എത്തിച്ച് ആദ്യമായി കൂട്ടിയോജിപ്പിച്ചപ്പോൾ ഇതിന്റെ ഭാഗമായി മാറാൻ അദ്ദേഹത്തിനായി.
എട്ടു വർഷത്തോളം ഇവിടെ ടെക്നിക്കൽ ഗ്രൂപ്പംഗമായി ജോലിയിൽ തുടരുകയും ചെയ്തു. ഇക്കാലയളവിലെല്ലാം മിഗ്21ന്റെ അസംബ്ലിംഗ് മുതലുള്ള എല്ലാക്കാര്യങ്ങളിലും പങ്കാളിയാകുകയും ചെയ്തു. ഈ സേവനം മുൻ നിർത്തിയാണ് ഇന്നു നടക്കുന്ന ചടങ്ങിലേക്ക് വ്യോമസേന അധികൃതർ ഇദ്ദേഹത്തെ പ്രത്യേകം ക്ഷണിച്ചത്.
1971ലെ ഇന്ത്യപാക് യുദ്ധം, 1999ലെ കാർഗിൽ യുദ്ധം എന്നിവയിലെല്ലാം മിഗ്21ന്റെ മിന്നും പ്രകടനത്തിൽ ഇന്ത്യ നേടിയ ചരിത്രവിജയം ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 1971ലെ യുദ്ധത്തിൽ പാക്കിസ്ഥാന്റെ ഉൾപ്രദേശങ്ങളിലേക്ക് കടന്നുചെന്ന് മിന്നൽ പ്രഹരം ശത്രു സൈന്യത്തിന് നൽകുന്നതിൽ മിഗ്21 വഹിച്ച പങ്ക് ഏറെ വലുതായിരുന്നു.
ദുർഘടമായ കാർഗിൽ മലനിരയുടെ മുകളിൽ തന്പടിച്ച പാക് സൈന്യത്തെ തുരത്തുന്നതിനും ഇന്ത്യൻ കരസേനയ്ക്ക് ഇവിടേക്ക് എത്തുന്നതിനും ഉറച്ച പിന്തുണ നൽകിയത് മിഗ് 21 ആയിരുന്നു. 1963ലാണ് ഈ യുദ്ധവിമാനം ഇന്ത്യൻവ്യോമസേനയുടെ ഭാഗമായത്.
62 വർഷത്തോളം ഉപയോഗിച്ചശേഷമാണ് ഇന്നു ഡികമ്മീഷൻ ചെയ്യുന്നത്. ഈ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ചുരുക്കം വ്യക്തികളിൽ ഒരാളാണ് എ.സി. ജോസഫ്. ഇന്നു നടക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിൽ ഏറെ സന്തുഷ്ടനാണെന്ന് 80കാരനായ ജോസഫ് ദീപികയോട് പറഞ്ഞു.
സഹപ്രവർത്തകരായ സുഹൃത്തുക്കൾ ഉൾപ്പെടെ ഇദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. മകൻ അലക്സിനോടും കൊച്ചുമകളോടുമൊപ്പം ഇന്നലെ ഡൽഹിയിൽ എത്തിയ ഇദ്ദേഹം ഇന്നു രാവിലെ ചണ്ഡിഗഡിലെത്തും.