“ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബംഗളൂരുവിനു ട്രിപ്പ് വിളിക്കും”; ഷാഫി പറന്പിൽ എംപിയെ ആക്ഷേപിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി
Friday, September 26, 2025 1:26 AM IST
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേയുള്ള ആരോപണങ്ങൾക്കുപിന്നാലെ ഷാഫി പറന്പിൽ എംപിക്കെതിരേ ഗുരുതര ആക്ഷേപവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി.
“ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഇവർ ഉടൻ ബംഗളൂരുവിലേക്കു ട്രിപ്പ് വിളിക്കും” എന്ന് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആക്ഷേപിച്ചു. ഷാഫിയും രാഹുലും ഇക്കാര്യത്തിൽ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്റെ ഹെഡ്മാഷാണ് ഷാഫി പറന്പിലെന്നും കോണ്ഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരാണെന്നും സുരേഷ് ബാബു പരിഹസിച്ചു.
ലൈംഗികപീഡന ആരോപണം നേരിടുന്ന കോണ്ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമായതിനുപിന്നാലെയാണ് ഷാഫി പറന്പിലിനെതിരേ സിപിഎമ്മിന്റെ അധിക്ഷേപം.
“രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് അംഗീകരിക്കില്ലെന്നും രാജിവയ്ക്കണമെന്നും പറയാൻ ഷാഫിയെ വെല്ലുവിളിക്കുകയാണ്. അതിനുള്ള ധൈര്യം ഷാഫിക്കുണ്ടാവില്ല. എങ്ങനെയാണ് ഒരു രാഷ്ട്രീയ പ്രവർത്തകന് ഇങ്ങനെ പെരുമാറാനാകുന്നത്? കാണാൻ ഭംഗിയുള്ള ആരെയെങ്കിലും കണ്ടാൽ ബംഗളൂരുവിനു ട്രിപ്പ് അടിക്കാമെന്നാണ് ഹെഡ്മാഷ് തന്നെ ചോദിക്കുന്നത്. അതിലും വലിയ അധ്യാപകരാണ് മുകളിലുള്ളത്. അതുകൊണ്ടാണ് വലിയ നേതാക്കൾ ഇവർക്കെതിരേ ഒന്നും മിണ്ടാത്തത്.
രാഹുലിനെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സസ്പെൻഡ് ചെയ്തതിനുപിന്നിലും ഒരു കാരണമുണ്ട്. വന്നുവന്ന് മുറത്തിൽ കൊത്തിയപ്പോഴാണ് നടപടി ഉണ്ടായത്. അത് എന്താണെന്നു വഴിയെ അറിയാം”സുരേഷ് ബാബു പറഞ്ഞു.
ആരോപണമല്ല, അധിക്ഷേപം; നിയമനടപടി ആലോചിക്കും: ഷാഫി പറന്പിൽ
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ ആക്ഷേപത്തിനു മറുപടിയുമായി ഷാഫി പറന്പിൽ എംപി. ഇത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി പറന്പിൽ മാധ്യമങ്ങളോടു പറഞ്ഞു. നിയമനടപടി ആലോചിക്കും. പരാമർശങ്ങൾ മറുപടിപോലും അർഹിക്കുന്നില്ല.
“ഇതാണോ 2026ലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പുതന്ത്രമെന്ന് നേതാക്കൾ വ്യക്തമാക്കണം. ഇതാണോ സിപിഎമ്മിന്റെ രാഷ്ട്രീയം. ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കലാണോ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോ” ഷാഫി പറന്പിൽ ചോദിച്ചു.
തെളിവുകൾ സമയമാകുന്പോൾ പുറത്തുവിടും: സുരേഷ് ബാബു
പാലക്കാട്: ലൈംഗിക ആരോപണവിവാദത്തിൽ ഷാഫിയെ വെല്ലുവിളിച്ച് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. ഷാഫി പറന്പിൽ നിയമപരമായി പോകട്ടെയെന്നും നേരിടാൻ സിപിഎം തയാറാണെന്നും സുരേഷ് ബാബു പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹെഡ്മാഷ് എന്ന പേരിലാണ് ആരോപണം ഉന്നയിച്ചത്. ഷാഫി തന്നെ അത് ഏറ്റെടുക്കുകയും ചെയ്തു. കുന്പളങ്ങ കട്ടത് ആരാണെന്നു ചോദിച്ചാൽ എന്തിനാണ് ഷാഫി തോളിൽ ചെളി ഉണ്ടോയെന്നു നോക്കുന്നത്? പറയേണ്ടതു പറയാൻ ശേഷിയുള്ളതുകൊണ്ടാണ് പറഞ്ഞത്. തെളിവുകൾ സമയമാകുന്പോൾ പുറത്തുവിടുകയും ചെയ്യുമെന്ന് സുരേഷ് ബാബു മാധ്യമങ്ങളോടു പറഞ്ഞു.