അമിതവേഗത്തിലെത്തിയ കാറിടിച്ച് നഗരമധ്യത്തില്‍ വയോധികന് മരിച്ചു
Friday, September 26, 2025 1:26 AM IST
കോഴിക്കോട്: അമിത വേഗത്തില്‍ ഡോക്ടര്‍ ഓടിച്ച കാറിടിച്ച് നഗരമധ്യത്തില്‍ വയോധികന് മരിച്ചു. ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഉള്ള്യേരി മാമ്പൊയില്‍ പാലോറമലയില്‍ വി.വി. ഗോപാലന് (73) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 6.45ന് മാവൂര്‍ റോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് അപകടം. ഡോക്ടര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ബസിറങ്ങിയശേഷം ബീച്ച് ആശുപത്രിയിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കാനൊരുങ്ങവേയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഗോപാലനെ ഗുരുതര പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കാറിടിച്ച് ഗോപാലന് തെറിച്ച വീണതിനെത്തുടര്‍ന്ന് മറ്റൊരു സ്ത്രീക്കും പരുക്കേറ്റു. കൊയിലാണ്ടി നടുവത്തൂര്‍ സ്വദേശി ഷാജിത (50) യ്ക്കാണ് പരിക്കേറ്റത്. ഇവര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടകരമാം വിധത്തില്‍ കാറോടിച്ചതിന് താനൂര്‍ സ്വദേശിയായ കോഴിക്കോട് നഗരത്തില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. റിയാസ് (37) നെതിരേ നടക്കാവ് പോലീസ് കേസെടുത്തു. പെണ്ണുക്കുട്ടിയാണ് ഗോപാലന്റെ ഭാര്യ. മക്കള്‍: സജിത്ത്, സജിനി. മരുമക്കള്‍: സജ്ന, ബിജു.