ഷീലയ്ക്കും പി.കെ. മേദിനിക്കും ആജീവനാന്ത സംഭാവനയ്ക്കുള്ള സംസ്ഥാന പുരസ്കാരം
Friday, September 26, 2025 1:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ വയോസേവന അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സിനിമയുടെ നിത്യഹരിത നായിക ഷീലയെയും പ്രശസ്ത ഗായിക പി.കെ. മേദിനിയെയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരങ്ങൾക്കു തെരഞ്ഞെടുത്തതായി മന്ത്രി ആർ. ബിന്ദു അറിയിച്ചു.
ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാര തുക. വയോജനക്ഷേമ പ്രവർത്തനങ്ങളിലെ മികച്ച സംഭാവനകൾക്ക് വയോജന കമ്മീഷൻ അംഗം കൂടിയായ അമരവിള രാമകൃഷ്ണനെ പ്രത്യേക ആദരവിനും തെരഞ്ഞെടുത്തു.
1960കളിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടിലേറെ കാലം വെള്ളിത്തിരയിൽ നിറസാന്നിധ്യമായിരുന്നു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താര ജോഡിയെന്ന റിക്കാർഡ് പ്രേം നസീറിനൊപ്പം പങ്കിട്ടിരുന്നു. ജെ.സി. ഡാനിയേൽ പുരസ്കാരവും നിരവധി തവണ ദേശീയ-സംസ്ഥാന അവാർഡുകളും തേടിയെത്തിയിട്ടുള്ള ചലച്ചിത്ര പ്രതിഭയാണ് ഷീല.
ഗായികയായും സംഗീതജ്ഞയായും പുന്നപ്ര വയലാർ സ്വാതന്ത്ര്യസമര സേനാനിയായും ചരിത്രത്തിൽ ഇടം നേടിയ പി.കെ. മേദിനി, കേരള സംഗീത നാടക അക്കാദമി അവാർഡും ജനകീയ ഗായിക അവാർഡും കാന്പിശേരി പുരസ്കാരവും പോലെ ഒട്ടേറെ അംഗീകാരങ്ങൾക്ക് ഉടമയായ കലാപ്രതിഭയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.