എൻ.ഡി. അപ്പച്ചനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കി
Friday, September 26, 2025 1:55 AM IST
കൽപ്പറ്റ: വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു എൻ.ഡി. അപ്പച്ചനെ കെപിസിസി നേതൃത്വം നീക്കി. പാർട്ടിയിൽ സമീപകാലത്ത് രൂക്ഷമായ വിഭാഗീയതയുടെ പശ്ചാത്തലത്തിലാണ് ജില്ലയിലെ മുതിർന്ന കോണ്ഗ്രസ് നേതാവായ അപ്പച്ചനു പദവി നഷ്ടമായത്.
അപ്പച്ചൻ സ്വമേധായ രാജിവച്ചുവെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ മാധ്യമങ്ങളെ അറിയിച്ചത്. രാജിക്കത്ത് തുടർനടപടികൾക്ക് എഐസിസിക്ക് വിട്ടതായും അദ്ദേഹം പറഞ്ഞു. ഇന്നുച്ചകഴിഞ്ഞ് ഡിസിസി ജനറൽ ബോഡി യോഗം ചേരും.
അപ്രതീക്ഷിതമായാണ് അപ്പച്ചന്റെ രാജി വിവരം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പുറത്തുവിട്ടത്. കഴിഞ്ഞ 19ന് വയനാട്ടിൽ ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ, പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ ഡിസിസി പ്രസിഡന്റിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളോടു പ്രതികരിച്ചിരുന്നില്ല.
അപ്പച്ചനുമായി ഫോണിൽ പോലും ബന്ധപ്പെടാതെയാണ് അദ്ദേഹം രാജിവച്ചുവെന്ന് കെപിസിസി അധ്യക്ഷൻ മാധ്യമങ്ങളോടു പറഞ്ഞത്.
താൻ ഡിസിസി അധ്യക്ഷപദം ഒഴിഞ്ഞുവെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രവർത്തകരിൽ ചിലർ പറഞ്ഞാണ് അറിഞ്ഞതെന്ന് അപ്പച്ചൻ വ്യക്തമാക്കി.
രാജിസന്നദ്ധത അറിയിച്ച് മൂന്നു മാസം മുന്പ് കെപിസിസി അധ്യക്ഷന് കത്ത് നൽകിയിരുന്നു. പദവി ഒഴിയാൻ സമ്മതമാണെന്ന് ഇതിനുമുന്പ് വാക്കാലും പാർട്ടി നേതൃത്വത്തെ അറിയിച്ചതാണ്. ആരോഗ്യപ്രശ്നങ്ങളും സാന്പത്തിക ബുദ്ധിമുട്ടും അലട്ടുന്നതിനാൽ ഡിസിസി അധ്യക്ഷപദവിയിൽ തുടരാൻ കഴിയാത്ത സ്ഥിതിയുണ്ടെന്ന് കെപിസിസി യോഗത്തിൽ പരസ്യമായി പറയുകയുമുണ്ടായി.
രാജിസന്നദ്ധത അറിയിച്ചുള്ള കത്ത് രാജിക്കത്തായി കണക്കാക്കി നടപടി സ്വീകരിച്ചത് കെപിസിസി നേതൃത്വം അറിയിക്കാത്തതിൽ അതൃപ്തിയില്ല. പാർട്ടി തീരുമാനങ്ങൾ അംഗീകരിക്കുക എന്നതാണ് പ്രവർത്തകന്റെ കടമയെന്നും അപ്പച്ചൻ പറഞ്ഞു.
കോണ്ഗ്രസ് മുള്ളൻകൊല്ലി മണ്ഡലത്തിലെ പ്രശ്നങ്ങൾ കെപിസിസി നിർദേശിച്ചതനുസരിച്ച് നേതാക്കളായ സജീവ് ജോസഫും അലിപ്പറ്റ ജമീലയും മൂന്നു ദിവസം ജില്ലയിൽ തങ്ങി ചർച്ചകളിലൂടെ പറഞ്ഞൊതുക്കിയതിന്റെ പിറ്റേന്നാണ് അപ്പച്ചന്റെ ‘രാജി’ എന്നതും ശ്രദ്ധേയമാണ്.