ഒരു സമുദായവുമായും സംഘര്‍ഷത്തിനില്ല: വി.ഡി. സതീശൻ
Friday, September 26, 2025 1:55 AM IST
കൊച്ചി: ഒരു സമുദായവുമായും കോൺഗ്രസും യുഡിഎഫും സംഘര്‍ഷത്തിനില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സമദൂര സിദ്ധാന്തത്തില്‍ ഒരു മാറ്റവുമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ഇപ്പോഴത്തെ നിലപാടിന് ബന്ധമില്ല. ഇതൊക്കെ ഓരോ വിഷയങ്ങള്‍ വരുമ്പോഴുള്ള നിലപാടുകളാണ്.
സമുദായനേതാക്കള്‍ക്കും സംഘടനകള്‍ക്കും അവരവരുടേതായ തീരുമാനമുണ്ടാകും. അതില്‍ വിരോധമില്ല. എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സമുദായസംഘടനകള്‍ക്ക് അവരവരുടെ തീരുമാനമെടുക്കാം. പല സമുദായസംഘടനകളും അത്തരം തീരുമാനമെടുത്തു. അത് അവരുടെ സ്വാതന്ത്ര്യമാണ്. എന്‍എസ്എസിനോടും എസ്എന്‍ഡിപിയോടും കോണ്‍ഗ്രസിനോ യുഡിഎഫിനോ ഒരു തര്‍ക്കവുമില്ല.
എന്‍എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഏറ്റവും നിന്ദ്യമായ ഭാഷയിലാണ് എന്നെ അപമാനിച്ചത്. അതിന്റെ പേരിൽ എന്എന്ഡിപിയുമായി ഞാൻ പിണങ്ങിയില്ലല്ലോ. എല്ലാ സമുദായങ്ങളോടും യുഡിഎഫിന് ഒരേ നിലപാടാണ്. പ്രത്യേക പരിഗണന ആരോടുമില്ല. ശുദ്ധവും സത്യസന്ധവുമായ മതേതര നിലപാടാണു യുഡിഎഫ് സ്വീകരിക്കുന്നത്. ഓരോ വിഷയങ്ങള്‍ വരുമ്പോഴും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാറില്ല.
പ്രതിപക്ഷം അയ്യപ്പസംഗമത്തിനു പോയിരുന്നെങ്കില്‍ പിണറായി വിജയനെപ്പോലെ ഞങ്ങളും പരിഹാസപാത്രമാകുമായിരുന്നു. 4200 പേര് പങ്കെടുക്കുമെന്നു പറഞ്ഞിട്ട് അറുനൂറോളം പേര് മാത്രം പങ്കെടുത്ത പരിപാടിയിലേക്കാണു വിദ്വേഷപ്രസംഗം നടത്തുന്ന ആളുകളെ എഴുന്നള്ളിച്ചുകൊണ്ടുവന്നത്.
മോദിയേക്കാള്‍ വലിയ വര്‍ഗീയവാദിയായ യോഗി ആദിത്യനാഥിന്റെ പ്രസംഗം വായിച്ചു മന്ത്രി കോള്മയിര് കൊണ്ടതിനൊക്കെ ഞങ്ങളും സാക്ഷിയാകേണ്ടിവരുമായിരുന്നു. അത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള രാഷ്ട്രീയ തീരുമാനമാണ് യുഡിഎഫ് സ്വീകരിച്ചത്. ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. മുഖ്യമന്ത്രി ഭക്തനായി അഭിനയിച്ച് വിശ്വാസികളെ കബളിപ്പിക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എന്റെ മുന്നില്‍ വന്നാലും ഞാൻ ഹസ്തദാനം ചെയ്യും. പാര്‍ട്ടിയില്‍നിന്നു പുറത്തായ പി. സരിനെ കണ്ടാലും ഞാന്‍ കൈകൊടുക്കും. തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന വാര്‍ത്തകള്‍ നല്‍കുന്നത് തന്നെ ഒറ്റപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും വി.ഡി. സതീശൻ കൊച്ചിയിൽ പറഞ്ഞു.