എയിംസ് ആലപ്പുഴയിലോ കിനാലൂരിലോ? ; ബിജെപിയില്‍ ഭിന്നത; വിവാദം പുകയുന്നു
Friday, September 26, 2025 1:26 AM IST
കോഴിക്കോട്: ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ് ) ആലപ്പുഴയില്‍ വേണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് എടുത്തതോടെ എയിംസ് വിഷയം വീണ്ടും ചര്‍ച്ചയായി മാറുന്നു.
എയിംസ് കേരളത്തില്‍ എവിടെ വേണമെന്ന കാര്യത്തില്‍ ഒറ്റ തീരുമാനത്തിലെത്താന്‍ കഴിയാതെ കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി കുഴങ്ങുകയാണ്. സുരേഷ് ഗോപിയുടെ അഭിപ്രായം തള്ളി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് രംഗത്തെത്തിയതോടെ ബിജെപിയിലെ ഭിന്നത പ്രകടമായി.
തൃശൂരില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് എയിംസ് സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക ജില്ലയായ ആലപ്പുഴയില്‍ വേണമെന്ന് സുരേഷ് ഗോപി പറഞ്ഞത്. രാഷ്ട്രീയ ഉദ്ദേശ്യത്താടെ ആരെങ്കിലും ആലപ്പുഴയില്‍ വരുന്നതിനെ എതിര്‍ത്താല്‍ തൃശൂരില്‍ എയിംസ് സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്നലെ മാധ്യമങ്ങളെ കണ്ട സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സുരേഷ് ഗോപിയുടെ നിലപാട് തള്ളി.
കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ നിലപാട് അല്ലെന്നുമാണ് രമേശിന്റെ നിലപാട്. കേരളത്തില്‍ എയിംസ് വേണമെന്നാണ് ബിജെപിയുടെ അഭിപ്രായം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഏതു ജില്ലയില്‍ എയിംസ് വന്നാലും സ്വാഗതാര്മാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയും പാര്‍ട്ടിയും രണ്ടഭിപ്രായത്തില്‍ നിലകൊണ്ടതാടെ എയിംസ് കേരളത്തില്‍നിന്നും തമിഴ്നാട്ടിലേക്കു പോകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച നാലു സ്ഥലങ്ങളില്‍ സുരേഷ് ഗോപി പറഞ്ഞ ആലപ്പുഴയും തൃശൂരും ഇല്ല. കോഴിക്കോട്ടെ കിനാലൂരില്‍ 250 ഏക്കര്‍, കോട്ടയത്തെ അതിരമ്പുഴ, ആര്‍പ്പൂക്കര ബ്ലോക്കുകളിലെ 194 ഏക്കര്‍, തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിനു സമീപത്തെ 263 ഏക്കര്‍, എറണാകുളം എച്ച്എംടിയില്‍ 123 ഏക്കര്‍ എന്നീ സ്ഥലങ്ങളാണ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയുടെ പട്ടിക കേന്ദ്രസര്‍ക്കാറിനു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ കിനാലൂരിലെ നിര്‍ദിഷ്ട സ്ഥലം കേന്ദ്ര സംഘം സന്ദര്‍ശിക്കുകയും സ്ഥലത്തിന്റെ കാര്യത്തില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കിനാലൂരില്‍ സര്‍ക്കാരിന്റെ കൈവശം 152 ഏക്കര്‍ സ്ഥലമുണ്ട്. ബാക്കിയുള്ള 100 ഏക്കര്‍ സ്ഥലം സ്വകാര്യ വ്യക്തികളില്‍നിന്ന് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോമിച്ചുവരുന്നാതായി കഴിഞ്ഞ മാര്‍ച്ചില്‍ മന്ത്രി കെ. രാജന് നിയമസഭയെ അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്കു 92.62 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
എയിംസ് കിനാലൂരില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഈയടുത്ത് ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധി കെ.വി. തോമസ് കേന്ദ്ര ആരോഗ്യമന്ത്രാലയം സീനിയര്‍ സെക്രട്ടറി അങ്കിത മിശ്രയുമായി ചര്‍ച്ച നടത്തിയിരുന്നു. കിനാലൂരില്‍ എയിംസ് നടപടികള്‍ ഇത്രയേറെ മുന്നോട്ടുപോയ സമയത്താണ് ആലപ്പുഴയില്‍ വേണമെന്ന ആവശ്യവുമായി സുരേഷ് ഗോപി എത്തിയത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പല തെരഞ്ഞെടുപ്പുകളിലും നിറഞ്ഞുനിന്ന ചര്‍ച്ച എയിംസ് ആയിരുന്നു. ബിജെപിയുടെ കോര്‍ കമ്മിറ്റികളിലും ഈ വിഷയം ചര്‍ച്ചയ്ക്കുവന്നിരുന്നു. അടുത്തയാഴ്ച സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയെ കാണുമ്പോള്‍ എയിംസ് വിഷയം ഉന്നയിക്കുമെന്നു സൂചനയുണ്ട്.
ബിജെപിയുടെ സംസ്ഥാന കമ്മിറ്റി യോഗം 27ന് കൊല്ലത്തു ചേരുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ യോഗത്തിനെത്തും. തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ സംഘടനാ പ്രവര്‍ത്തനത്തിന് ഊര്‍ജം പകരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനാണു യോഗം ചേരുന്നത്.