ഓട്ടോറിക്ഷയിൽ തട്ടി റോഡിൽ വീണ കോളജ് അധ്യാപകൻ ലോറി കയറി മരിച്ചു
Friday, September 26, 2025 1:26 AM IST
കട്ടപ്പന: ബൈക്ക് ഓട്ടോറിക്ഷയിൽ തട്ടി റോഡിലേക്കു മറിഞ്ഞുവീണ കോളജ് അധ്യാപകനു ലോറി കയറിയിറങ്ങി ദാരുണാന്ത്യം.
കുമളി മുരിക്കടി (വിശ്വനാഥപുരം) പുളിക്കപ്പീടികയിൽ (ഐക്കരോട്ട്) ഷിബുവിന്റെയും സോളിയുടെയും മകനും പുളിയന്മല ക്രൈസ്റ്റ് കോളജ് അധ്യാപകനുമായ ജോയിസ് പി. ഷിബു (24) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 8.15ഓടെ പുളിയന്മല-തൊടുപുഴ റോഡിൽ കോളജ് കവാടത്തിനു 150 മീറ്ററോളം സമീപം പുളിയന്മല കന്പനിപ്പടിയിലാണ് അപകടമുണ്ടായത്. പുളിയൻമല ഭാഗത്തുനിന്നു കോളജിലേക്കു ബൈക്കിൽ വരുകയായിരുന്ന ജോയ്സിന്റെ ബൈക്ക് മുന്നിൽ പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ തട്ടിയ ശേഷം റോഡിലേക്കു മറിഞ്ഞു. ഈ സമയം എതിരേവന്ന ലോറി ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. ഇതുവഴിയെത്തിയ യാത്രക്കാരും മറ്റും ചേർന്ന് ഉടൻതന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ജോയ്സ് തത്ക്ഷണം മരിച്ചിരുന്നു.
ക്രൈസ്റ്റ് കോളജിലെ പൂർവ വിദ്യാർഥികൂടിയായ ജോയിസ് ബിബിഎ ഡിപ്പാർട്ട്മെന്റിൽ അധ്യാപകനാണ്. ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
മുരിക്കടി ഐക്കരോട്ട് ബേബിച്ചന്റെ തറവാട്ടു വീട്ടിൽ പൊതുദർശനത്തിനു വച്ചു. സംസ്കാരം ഇന്ന് 10ന് ഭവനത്തിൽ ആരംഭിച്ച് കുമളി സെന്റ് തോമസ് ഫൊറോന പള്ളിയിൽ. അമ്മ സോളി തെക്കേൽ കുടുംബാംഗമാണ്. സഹോദരി: ജോജിയ.