മിൽമ സ്ഥിരനിയമനങ്ങളിൽ ക്ഷീരകർഷകരുടെ ആശ്രിതർക്ക് സംവരണം
Friday, September 26, 2025 1:26 AM IST
തിരുവനന്തപുരം: മിൽമയിലെ സ്ഥിരനിയമനങ്ങളിൽ ക്ഷീരകർഷകരുടെ ആശ്രിതർക്കു സംവരണം ഏർപ്പെടുത്താൻ തത്വത്തിൽ അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കി.
മിൽമയുടെ മലബാർ, എറണാകുളം, തിരുവനന്തപുരം യൂണിയനുകളിലെ സ്ഥിരനിയമനങ്ങളിലാണ് സംവരണം പ്രാബല്യത്തിൽ വരുക. ദീർഘകാലമായുള്ള മേഖലാ യൂണിയനുകളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയും ക്ഷീരകർഷകരുടെ ആശ്രിതർക്ക് അർഹമായ പരിഗണന കിട്ടുകയും ചെയ്യുന്നതാണ് ഈ ഉത്തരവ്.
സംവരണം സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ മിൽമ മേഖലാ യൂണിയനുകളും ക്ഷീരവികസന വകുപ്പ് ഡയറക്ടറും പരിഗണിച്ച ശേഷം മിൽമ മാനേജിംഗ് ഡയറക്ടർ സർക്കാരിന് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഇതിന് മേഖലാ പൊതുയോഗങ്ങളുടെ അംഗീകാരം നേടണമെന്നും ഉത്തരവിൽ പറയുന്നു.