പാലിയേക്കര ടോള്‍ വിലക്ക് 30 വരെ നീട്ടി
Friday, September 26, 2025 1:26 AM IST
കൊച്ചി: മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന പാലിയേക്കരയിലെ ടോള്‍ വിലക്ക് നീട്ടി ഹൈക്കോടതി. ഈ മാസം 30 വരെ ടോള്‍ പിരിക്കേണ്ടെന്നു ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ചാണു കോടതി നടപടി. അറ്റകുറ്റപ്പണികളുടെ പുരോഗതി സംബന്ധിച്ച് 30ന് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
മുരിങ്ങൂരില്‍ സര്‍വീസ് റോഡ് തകര്‍ന്നതുപോലെ പലയിടത്തും സര്‍വീസ് റോഡുകളില്‍ തകര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്ന് മേല്‍നോട്ട സമിതി അധ്യക്ഷനായ തൃശൂര്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു. വാഹനനീക്കം മെച്ചപ്പെട്ടിട്ടുണ്ടോയെന്നു കോടതി ചോദിച്ചു. കാര്യമായ പുരോഗതിയില്ലെന്നും കഴിഞ്ഞദിവസം ആമ്പല്ലൂരില്‍ ഒരു മണിക്കൂര്‍ വരെ നീണ്ട കുരുക്ക് രൂപപ്പെട്ടിരുന്നുവെന്നും കളക്ടര്‍ പറഞ്ഞു.
എന്നാല്‍ റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായതാണെന്നും തടസമില്ലാതെ ഗതാഗതം ഉറപ്പാക്കിയെന്നുമായിരുന്നു ദേശീയപാതാ അഥോറിറ്റിയുടെ നിലപാട്.
സര്‍വീസ് റോഡുകളുടെ സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും പോരായ്മകൾ പരിഹരിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്. എല്‍. സുന്ദരേശന് പറഞ്ഞു. ഈ സാഹചര്യത്തില്‍ ടോള്‍ വിലക്ക് നീട്ടണമെന്നും ആവശ്യപ്പെട്ടു.