മെഡിസെപ് ഒന്നാം ഘട്ടം ഒരു മാസം കൂടി നീട്ടി
Friday, September 26, 2025 1:26 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് ഒന്നാംഘട്ടത്തിന്റെ കാലാവധി ഒരു മാസം കൂടി നീട്ടി.
മെഡിസെപ് രണ്ടാംഘട്ട പദ്ധതി പ്രഖ്യാപിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുന്ന സാഹചര്യത്തിലാണ് ഒന്നാംഘട്ടം ഒരു മാസത്തേയ്ക്കു കൂടി നീട്ടുന്നത്.
ഈ മാസം 30 മുതൽ ഒക്ടോബർ 31 വരെയുള്ള ഒരു മാസത്തേയ്ക്കാണ് ഇൻഷ്വറൻസ് പദ്ധതി നീട്ടുന്നത്. 25,000 രൂപയാണ് ഒരു മാസത്തേക്കുള്ള ഇൻഷ്വറൻസ് അധിക കവറേജ്. നേരത്തേ ബാക്കിയുള്ളത് ഇൻഷ്വറൻസ് തുകയിൽ ഉൾപ്പെടും.
പ്രീമിയം തുക ജിഎസ്ടി അടക്കം 531 രൂപയെന്നും ഉത്തരവിലുണ്ട്. മെഡിസെപ് രണ്ടാംഘട്ടത്തിന് നേരത്തേ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 750 രൂപയാണ് പ്രതിമാസ പ്രീമിയം. അഞ്ചു ലക്ഷം രൂപയുടെ വരെ ഇൻഷ്വറൻസ് കവറേജ് ലഭിക്കും.