മിഷൻലീഗ് സംസ്ഥാന മാനേജിംഗ് കമ്മിറ്റിയും ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും
Friday, September 26, 2025 1:26 AM IST
കോട്ടയം: ചെറുപുഷ്പ മിഷൻലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ 27-ാമത് അനുസ്മരണവും സംസ്ഥാന മാനേജിംഗ് കമ്മിറ്റിയും ചങ്ങനാശേരി അതിരൂപതയിലെ ആർപ്പൂക്കര ശാഖയുടെ ആതിഥേയത്വത്തിൽ ആർപ്പൂക്കര ചെറുപുഷ്പം പള്ളിയിൽ വിവിധ പരിപാടികളോടെ നടത്തി.
സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി ജെയ്സൺ പുളിച്ചുമാക്കൽ, ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ, അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ, അന്തർദേശീയ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, കൊല്ലം റീജണൽ ഓർഗനൈസർ റ്റിന്റോ തൈപ്പറമ്പിൽ, ആർപ്പൂക്കര ഇടവക വികാരി ഫാ. ജോസ് പറപ്പള്ളി, ചങ്ങനാശേരി അതിരൂപത വൈസ് പ്രസിഡന്റ് ഹയാ ടോജി, കുടമാളൂർ മേഖലാ പ്രസിഡന്റ് ജെറിൻ കളപ്പുരയിൽ എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി അതിരൂപത ഡയറക്ടർ ഫാ. വർഗീസ് പുത്തൻപുരയ്ക്കൽ സ്വാഗതമാശംസിച്ചു.
ഫാ. ഷിജു ഐക്കരക്കാനായിലിന്റെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം നടത്തിയ അനുസ്മരണയാത്രയിലും കബറിടത്തിങ്കൽ പ്രാർഥനയിലും വിവിധ രൂപതകളിൽനിന്നുള്ള വൈദികർ, സന്യസ്തർ, അല്മായ നേതാക്കൾ, മിഷൻലീഗ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.