റബര്‍ ആവര്‍ത്തന കൃഷി സബ്സിഡി നിലയ്ക്കുന്നു; കേര പദ്ധതിയിലും നയാപൈസ കിട്ടിയില്ല
Saturday, September 27, 2025 2:24 AM IST
കോട്ടയം: റബര്‍ ആവര്‍ത്തനകൃഷിക്ക് കേന്ദ്രസര്‍ക്കാര്‍ റബര്‍ ബോര്‍ഡ് മുഖേന നല്കുന്ന സബ്സിഡി നിര്‍ത്തലാക്കാന്‍ നീക്കം. ലോകബാങ്ക് സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കേര പദ്ധതി നടപ്പാക്കുന്ന ജില്ലയിലാണ് റബര്‍ ബോര്‍ഡ് സഹായം ഉപേക്ഷിക്കുന്നത്.
കണ്ണൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് റബര്‍ ആവര്‍ത്തന കൃഷിക്ക് ഹെക്ടറിന് 75,000 രൂപ നല്കുന്ന കേര പദ്ധതി നടപ്പാക്കിയത്.
ആവര്‍ത്തന കൃഷിക്ക് ഗഡുക്കളായി 75,000 രൂപ നല്കുന്ന പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ തുക നല്‍കിത്തുടങ്ങിയില്ല. എന്നു നല്കിത്തുടങ്ങുമെന്നതിനു തീരുമാനമായിട്ടില്ല. കോട്ടയത്ത് വിപുലമായ ഓഫീസ് തുടങ്ങിയതല്ലാതെ തുടര്‍ നടപടികളൊന്നുമായില്ല.
അതേസമയം ആവര്‍ത്തനകൃഷിക്ക് റബര്‍ ബോര്‍ഡ് നല്കുന്ന ഹെക്ടറിനു 40,000 രൂപ സബ്സിഡി നഷ്ടമാകുമെന്ന ആശങ്കയിലാണ് റബര്‍ കര്‍ഷകര്‍. ആവര്‍ത്തന കൃഷി ഹെക്ടറിന് അഞ്ച് ലക്ഷത്തിലധികം രൂപ ചെലവു വരുമ്പോഴാണ് സഹായ പദ്ധതി നിര്‍ത്തലാക്കുന്നത്.
അടിസ്ഥാന വില 250 ലഭിക്കണം
കോട്ടയം: റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ അടിസ്ഥാന വില 250 രൂപയാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ കണ്‍സോഷ്യം ഓഫ് റീജണല്‍ ഫെഡറേഷന് ഓഫ് റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി ഇന്ത്യ (എന്‍സിആര്‍പിഎസ്)യുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് റബര്‍ കര്‍ഷകര്‍ മാര്‍ച്ചും ധര്‍ണയും നടത്തും.
ഒക്ടോബര്‍ എട്ടിനു രാവിലെ 10.30നു പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആരംഭിക്കുന്ന മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമാപിക്കും. ധര്‍ണ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. എന്‍സിആര്‍പിഎസ് ദേശീയപ്രസിഡന്റ് ഏബ്രഹാം വര്‍ഗീസ് കാപ്പില്‍ അധ്യക്ഷതവഹിക്കും. എംഎല്‍എമാരായ മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കുറുക്കോളി മൊയ്തീന്, എം. നൗഷാദ്, ബിജെപി മേഖലാപ്രസിഡന്റ് എന്‍. ഹരി, പി.സി. സിറിയക്, ജോസഫ് എം. പുതുശേരി, എന്‍സിആര്‍പിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ബാബു ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
വിലയില്ലെങ്കില്‍ റബറില്ല
കോട്ടയം: റബര്‍ ഉത്പാദനം കൂടുതലുള്ള ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സ്ഥിരമായി വിലയിടിക്കാനുള്ള ടയര്‍ വ്യവസായികളുടെ നടപടിയ്ക്കെതിരേ ‘വിലയില്ലെങ്കില്‍ റബറില്ലെന്ന’ സമരമുറയുമായി കര്‍ഷക സംഘടനകള്‍. കര്‍ഷകരും വ്യാപാരികളും റബര്‍ വിറ്റഴിക്കാതെ സൂക്ഷിച്ചു വയ്ക്കുന്ന സമരമുറയാണിത്.