കെ.എം. ഷാജഹാന് ജാമ്യം
Saturday, September 27, 2025 3:00 AM IST
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരേ സൈബര്‍ ആക്രമണം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ.എം. ഷാജഹാനു ജാമ്യം. എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ആക്കുളത്തെ വീട്ടില്‍നിന്നാണു ഷാജഹാനെ കഴിഞ്ഞദിവസം രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലര്‍ച്ചെ മൂന്നിന് ചെങ്ങമനാട് എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ ആലുവ റൂറല്‍ സൈബര്‍ സ്റ്റേഷനിലെത്തിച്ചു. ചോദ്യംചെയ്യലിനുശേഷമാണ് ഇന്നലെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയത്.
കേസെടുത്ത് മൂന്നു മണിക്കൂറിനിടെ ആലുവ പോലീസ് തിരുവനന്തപുരത്ത് എത്തിയതെങ്ങനെയെന്നു കോടതി ചോദിച്ചു. ചെങ്ങമനാട് എസ്എച്ച്ഒയ്ക്ക് ഇതിനുള്ള അധികാരം ആരു നല്‍കിയെന്നും ആരാഞ്ഞു.
പ്രത്യേക അന്വേഷണസംഘമാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തതെന്നും ചെങ്ങമനാട് എസ്എച്ച്ഒ ഇതില്‍ അംഗമാണെന്നും പ്രോസിക്യൂഷന് അറിയിച്ചു. പരാതിക്കാരിക്കു വീട്ടില്‍നിന്ന് പുറത്തിറങ്ങാനാകാത്തവിധം നിരന്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയാണ്.
കഴിഞ്ഞദിവസം ചോദ്യംചെയ്തു വിട്ടയച്ചശേഷവും വീഡിയോ പോസ്റ്റ് ചെയ്തു. ഷാജഹാനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.