അധ്യാപകനിയമന പ്രതിസന്ധിക്കു കാരണം സര്‍ക്കാരിന്റെ ശാഠ്യം: ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ
Saturday, September 27, 2025 2:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക നിയമന പ്രതിസന്ധിയുടെ യഥാര്‍ഥ കാരണം സര്‍ക്കാരിന്റെ ശാഠ്യമാണെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ.
സംസ്ഥാനത്തു ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോടു കാണിക്കുന്ന നീതിനിഷേധത്തിനെതിരേ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
കോടതിയില്‍നിന്നും ന്യായമായ വിധി സമ്പാദിച്ച ഒരു സമുദായത്തിനു ലഭിച്ച ആ വിധി സമാന സ്വഭാവമുള്ള എല്ലാ സൊസൈറ്റികളുടെയും സ്ഥാപനങ്ങളിലെ നിയമനത്തിനു നല്‍കണമെന്ന കോടതി നിര്‍ദേശമുണ്ടായിട്ടും അത് തന്ത്രപൂര്‍വം സര്‍ക്കാര്‍ പാലിക്കാത്തത് തികച്ചും വിവേചനപരമാണ്.
നീതി നിഷേധം അതിന്റെ പ്രകടമായ രൂപത്തില്‍ ദൃശ്യമാണ്. അധ്യാപകരോട് സര്‍ക്കാര്‍ പ്രതികൂല നിലപാട് സ്വീകരിക്കുമ്പോള്‍ ന്യായമായ അവകാശങ്ങള്‍ക്കായി ഏതു പ്രതികൂല കാലാവസ്ഥ ഉണ്ടായാലും പോരാട്ടം തുടരും. ഇതിന്റെ സൂചനയാണ് കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും സെക്രട്ടേറിയറ്റ് പടിക്കലെത്തിയ അധ്യാപകരുടെ സാന്നിധ്യം.
കത്തോലിക്കാ മാനേജ്മെന്റുകള്‍ ഭിന്നശേഷി സംരക്ഷണനിയമം നടപ്പിലാക്കുന്നതില്‍ താത്പരരും സന്നദ്ധരുമാണ്. എന്നാല്‍ ഭിന്നശേഷി നിയമനം പൂര്‍ണമായും നടപ്പാക്കിയ ശേഷമേ മറ്റ് നിയമനം അംഗീകരിക്കൂ എന്ന നിലപാടാണ് യഥാര്‍ഥത്തില്‍ ഏറ്റവും വലിയ പ്രശ്നം.
തെരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ കാലഘട്ടത്തില്‍ സര്‍ക്കാരുകള്‍ അധ്യാപക സമൂഹത്തെ വെറുപ്പിച്ചുകൊണ്ട് അതും ഒരു പ്രത്യേക വിഭാഗത്തെ മാറ്റി നിര്‍ത്തിയുള്ള സമീപനം ആത്യന്തികമായി ജനാധിപത്യത്തില്‍ അംഗീകരിക്കാന്‍ സാധ്യമല്ല. ന്യായമായ അവകാശങ്ങള്‍ എത്രയും വേഗം നടപ്പാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകരോട് സര്‍ക്കാര്‍ അനീതിയാണ് കാട്ടുന്നതെന്നു തുടര്‍ന്നു പ്രസംഗിച്ച കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. ഇടതു സര്‍ക്കാര്‍ തൊഴിലാളികളോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ് ചെയ്ത ജോലിക്ക് കൂലികൊടുക്കാത്തത്. ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള ഒഴിവുകള്‍ പൂര്‍ണമായും എല്ലാ മാനേജ്മെന്റുകളും മാറ്റിവച്ചിട്ടുണ്ട്.
എന്നാല്‍ വേണ്ടത്ര ഭിന്നശേഷിക്കാര്‍ ഇല്ലാത്തതിനാലാണ് ആ ഒഴിവുകള്‍ നികത്താന്‍ കഴിയാത്തത്. മനുഷ്യത്വത്തിന്റെയും നീതിയുടെയും ധാര്‍മികതയുടെയും പേരില്‍ നീതി നടപ്പാക്കിക്കൊടുക്കുക എന്ന ആവശ്യമുന്നയിച്ചാണ് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വന്നത്. സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
ഭിന്നശേഷി അധ്യാപകരെ പൂര്‍ണമായി നിയമിക്കാതെ മറ്റ് അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കില്ലെന്നുള്ള സര്‍ക്കാരിന്റെ പിടിവാശിക്ക് അടിസ്ഥാനമില്ലെന്നു വിഷയാവതരണം നടത്തിയ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റും തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറാളുമായ മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത് പറഞ്ഞു.
ഭിന്നശേഷി സംവരണം നടപ്പിലാക്കാന്‍ തയാറാണെു ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ സര്‍ക്കാരിനു സത്യവാങ്മൂലം നല്കിയിട്ടുള്ളതാണ്. കോടതി വിധിയനുസരിച്ച് അത്തരത്തിലുള്ള എല്ലാ ഒഴിവുകളും മാനേജ്മെന്റുകള്‍ ഒഴിച്ചിട്ടിട്ടുമുണ്ട്. എന്‍എസ്എസ് മാനേജ്മെന്റിനു നല്കിയ പരിഗണന മറ്റു മാനേജ്മെന്റുകള്‍ക്കും നല്കമെന്നതാണ് ആവശ്യമെന്നും മോണ്‍. വര്‍ക്കി ആറ്റുപുറത്ത് പറഞ്ഞു.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ 32 കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള അധ്യാപകര്‍ പങ്കെടുത്തു. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണ് അധ്യാപകര്‍ സമരത്തില്‍ പങ്കാളികളായത്.
കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ബിജു തുടങ്ങിയവര്‍ നേതൃത്വം നല്കി.